‘ആടുജീവിതം ഞാൻ ചെയ്യാനിരുന്ന സിനിമ, എന്നാൽ എന്റെ നായകൻ മറ്റൊരാൾ ;ലാൽ ജോസ്

google news
lal jos about aadujeevitham

ആടുജീവിതം ആദ്യം സിനിമയാക്കാൻ തയാറെടുത്തത് താനാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ലാൽജോസ്. പുസ്തകം വായിച്ചതിനു ശേഷം താൻ ബഹ്റൈനിൽ പോയി ബെന്യാമിനെ കാണുകയും അതിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തെന്ന് ലാൽജോസ് പറഞ്ഞു. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽജോസ് ഈ കാര്യം വ്യക്തമാക്കിയത്.

താൻ ആടുജീവിതം സിനിമയാക്കുകയാണ് എന്ന് പറഞ്ഞു കേട്ടപ്പോൾ ബെന്യാമിന് സന്തോഷവുകയും, അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് ലാൽജോസ് പറഞ്ഞു.

അഭിമുഖത്തിൽ ലാൽജോസ് പറഞ്ഞത്

ഒറ്റയ്ക്ക് ആ സിനിമ ചെയ്യാൻ കഴിയില്ലെന്നുറപ്പായിരുന്നു. ഒരു വിദേശ നിർമാണക്കമ്പനിയ്ക്കൊപ്പം ചേർന്ന് ചിത്രം നിർമിക്കാനായിരുന്നു ഉദ്ദേശം. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും എൽജെ ഫിലിംസ് ഇന്ത്യയിൽചെയ്യും. ഷൂട്ടിങ്ങിന്റെ കാര്യങ്ങൾ ആ ബ്രിട്ടീഷ് കമ്പനിയും ചെയ്യുന്ന രീതിയിലാണ് ചിത്രീകരണം പ്ലാൻചെയ്തത്.

ഞാൻ നായകനാക്കാൻ ഉദേശിച്ചത് ഒരു പുതുമുഖത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. ഡ‍ൽഹി സ്​കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഒരാളെ കണ്ടുവച്ചിരുന്നു. ആടുജീവിതം സിനിമയാക്കുന്ന കാര്യം വേറെ ആരോടും പറയാതെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ബെന്യാമിൻ പറഞ്ഞ് അറിഞ്ഞതാണെന്നു തോന്നുന്നു, ആ സമയത്ത് ഒരു മാഗസിനിൽ ഞാൻ ഈ നോവൽ സിനിമയാക്കുന്നു എന്ന തലക്കെട്ടിൽ വാർത്ത വന്നു. അപ്പോഴാണ് ബ്ലെസി വിളിക്കുന്നത്. എന്തായി, ഒരുപാട് മുന്നോട്ട് പോയോ? ഇല്ലെങ്കിൽ എനിക്ക് തരാമോ? എന്ന് എന്നോടു ചോദിച്ചു. അദ്ദേഹം ഒരു വർഷം എടുത്ത് എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്നു പറഞ്ഞു.


ബെന്യാമിനോടുകൂടി ഒന്നു സംസാരിക്കാൻ ഞാൻ ബ്ലെസിയോടു പറഞ്ഞു. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് കൂടുതൽ സന്തോഷമെന്ന്. അതുകൊണ്ടുതന്നെയാണ് ഞാൻ അത് വിട്ടു കൊടുത്തത്. 14 വർഷം മുൻപു നടന്ന കാര്യങ്ങളാണിത്. ഇപ്പോൾ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാൻ ഈ സിനിമ പ്ലാൻ ചെയ്തിരുന്നത്. വലിയ താരങ്ങളില്ലാതെ ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. ബ്ലെസിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ചെയ്യാൻ ബെന്യാമിന്റെ സഹായം തേടേണ്ടിവന്നേനേ. ബ്ലെസിക്ക് എഴുതാനും അറിയാം. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കുറച്ചു പ്രാരാബ്‌ധം ഉള്ള മനുഷ്യനാണ്. ബ്ലെസി കടന്നുപോയ കഷ്ടതകൾ ഞാൻ കണ്ടതാണ്. ഇത്രയും ക്ഷമയോടെ ആ ചിത്രം പൂർത്തിയാക്കാൻ അദ്ദേഹത്തിനേ സാധിക്കുകയുള്ളൂ. അറബിക്കഥ ചെയ്​തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണ്. അറബിക്കഥ 2006 ൽ പൂർത്തിയായ ചിത്രമാണ്. 2008ലാണ് ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത്.

Tags