ജെൻ്റിൽമാൻ 2 നായികനിരയിൽ നറുക്ക് പ്രിയാലാലിനും..!!!
actresspriyalal

സി.കെ.അജയ് കുമാർ

തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ താര രഹിത ബ്രഹ്മാണ്ഡ സിനിമയായിരുന്നു ' ജെൻ്റിൽമാൻ '. പിൽക്കാലത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രം നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളിയായ കെ.റ്റി.കുഞ്ഞുമോനായിരുന്നൂ ഈ സിനിമയുടെ നിർമ്മാതാവ്.

ഒപ്പം ജെൻ്റിൽമാനിലൂടെ കുഞ്ഞുമോൻ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത് ഷങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനേയും കൂടിയായിരുന്നു. ഒരു ഇടവേളക്ക് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി ' ജെൻ്റിൽമാൻ 2 ' എന്ന മെഗാ സിനിമ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ' ജെൻ്റിൽമാൻ' കെ.റ്റി.കുഞ്ഞുമോൻ.

ഇതിൻ്റെ മുന്നോടിയായി സംഗീത സംവിധായകനായി കീരാവാണി , നായികമാരിൽ ഒരാൾ നയൻതാരാ ചക്രവർത്തി എന്നിവരുടെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചു വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായികയായി പ്രവാസി മലയാളി നടിയും നർത്തകിയും സ്പോർട്സ് അവതാരകയുമായ ബഹുമുഖ പ്രതിഭയായ പ്രിയാലാലിൻ്റെ പേര് കൂടി പ്രഖ്യാപിച്ചിരിക്കയാണ് .

'ജനകൻ' എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയാലാൽ പിന്നീട് ഓരോ തമിഴ്,തെലുങ്ക് സിനിമകളിൽ നായികയുമായി കഴിവു തെളിയിച്ചിരുന്നൂ. ജെൻ്റിൽമാൻ 2- ൽ പ്രിയക്ക് നറുക്കു വീണത് തികച്ചും അപ്രതീക്ഷിതം. ഈ സിനിമ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി തീരും എന്ന ശുഭാപ്തി വിശ്വാസത്തിലാണ്  ലണ്ടൻ വാസിയായ  പ്രിയാലാൽ.

ഇതിലെ തൻ്റെ കഥാപത്രത്തെ മികവുറ്റതാക്കാനുള്ള ഹോം വർക്കിലാണ് നടി. അതു കൊണ്ടു തന്നെ ഇതിനിടെ തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നും ലഭിച്ച പല ഓഫറുകളും പ്രിയക്ക് നിരസിക്കേണ്ടിയും വന്നുവത്രെ. ജെൻ്റിൽമാൻ 2-വിൻ്റെ ഷൂട്ടിംഗ് അടുത്ത് തന്നെ അറിയിക്കുമെന്നും, സംവിധായകൻ, ഇതര അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള സർപ്രൈസ് അറിയിപ്പുകളും നിർമ്മാതാവിൽ നിന്നും ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന.

Share this story