നടി രാകുല്‍ പ്രീത് സിങ് വിവാഹിതയായി

google news
rakul preeth

നടി രാകുല്‍ പ്രീത് സിങ് വിവാഹിതയായി. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. ബോളിവുഡ് നിര്‍മാതാവ് വാഷു ഭഗ്‌നാനിയുടെ മകനാണ് ജാക്കി. ഗോവയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിഖ്, സിന്ദി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഇരുവരും മുംബൈയില്‍ റിസപ്ഷന്‍ നടത്തും.

വിവാഹത്തില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'എന്നെന്നേക്കും എന്റേത്' എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.   

ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ആദ്യം വിവാഹം വിദേശത്ത് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി ആറുമാസത്തെ ആസൂത്രണവും നടത്തിയിരുന്നു. എന്നാല്‍ മാലദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇരുവരുടേയും തീരുമാനം മാറ്റുകയായിരുന്നു.

2009-ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.