നടി രാഖി സാവന്തിന്റെ മുന്‍ഭര്‍ത്താവ് ആദില്‍ ഖാന്‍ വിവാഹിതനായി; വധു ബിഗ് ബോസ് താരം..

rakhi

തന്റെ അഭിപ്രായങ്ങളും പ്രവർത്തികളും കൊണ്ട് എന്നും വിവാദങ്ങൾ സൃഷ്ടിക്കാറുള്ള ബോളിവുഡ് നടി രാഖി സാവന്തിന്റെ മുന്‍ഭര്‍ത്താവ് ആദില്‍ ഖാന്‍ വിവാഹിതനായി. ബിഗ് ബോസ് താരവും നടിയും മോഡലുമായ സോമി ഖാനാണ് വധു. വിവാഹചിത്രങ്ങള്‍ ആദില്‍ ഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 3 നായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇരുവരും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ആദില്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയുണ്ടെന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം ആദില്‍ ഖാന്‍ കുറിച്ചത്.  

മംഗളൂരു സ്വദേശിയായ ആദില്‍ ഖാന്‍ ദുരാനിയും രാഖിയും തമ്മിലുള്ള വിവാഹം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. വിവാഹിതരായ വാര്‍ത്ത പുറത്തുവിടാന്‍ ആദില്‍ ഖാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാഖിയാണ് വിവരം തുറന്ന് പറഞ്ഞത്. ഇതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങളാണുണ്ടായത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ അത് വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് അംഗീകരിക്കുകയുമായിരുന്നു.

കുറച്ചുനാള്‍ ഒരുമിച്ച് ജീവിച്ചതിന് ശേഷം രാഖിയും ആദിലും വേര്‍പിരിഞ്ഞു. ഇതിനു പിന്നാലെ ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയത് വലിയ വിവാദമായി. തന്റെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചപ്പോള്‍ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ലെന്നും മാത്രവുമല്ല ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുമായിരുന്നു രാഖി ആരോപിച്ചത്.

വിവാഹമോചനത്തിന് പിന്നാലെ രാഖി ആദിലിനെതിരേ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ വഞ്ചനാ കേസില്‍ അറസ്റ്റിലായ ആദിലിന് ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിയേണ്ടി വന്നു. ഈ സമയത്ത് ആദിലിനെതിരേ ഇറാനിയന്‍ യുവതി ലൈംഗിക പീഡനം ആരോപിച്ച് രംഗത്തെത്തി. മൈസൂരില്‍ ഒരുമിച്ച് താസമിക്കുമ്പോള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാായിരുന്നു പരാതി. ഇതോടെ മൈസൂര്‍ പോലീസും ആദിലിനെതിരേ കേസെടുത്തിരുന്നു. വിവാദങ്ങള്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ആദില്‍ ഖാന്‍ രണ്ടാമത് വിവാഹിതനായിരിക്കുന്നത്.