ബൈക്കപകടത്തിൽ പരിക്കേറ്റ നടി അരുന്ധതി നായരുടെ നില ഗുരുതരം; സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കൾ

google news
arundhathi nair

തിരുവനന്തപുരം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരം. വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസിൽവെച്ചാണ് താരം അപകടത്തിൽപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍ ഉള്‍പ്പടെയുള്ള താരങ്ങൾ രംഗത്തെത്തി.

 ‘‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.

ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ കിടന്നു. ഒടുവിൽ അതുവഴി പോയ വാഹനത്തിലുള്ളവർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇടിച്ചിട്ട് നിർത്താതെപോയ വാഹനത്തിനായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. ഹിറ്റ് ചിത്രം ‘സൈത്താനി’ലെ നായികയായിരുന്നു. 2018-ൽ പുറത്തിറങ്ങിയ ‘ഒറ്റയ്ക്കൊരു കാമുകൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം.