നടി അമൃത പാണ്ഡെ മരിച്ച നിലയില്‍; ആത്മഹത്യ വാട്ട്‌സ്ആപ്പില്‍ നിഗൂഢമായ സന്ദേശം പങ്കുവെച്ചതിന് ശേഷം

Actress Amrita Pandey dead

ഹിന്ദി സിനിമ നടി അമൃത പാണ്ഡെയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഭാഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയത്. കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. സംഭവത്തെ കുറിച്ച് അമൃതയുടെ കുടുംബമോ ഭര്‍ത്താവോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ബന്ധുക്കളും പരിചയക്കാരും നടിക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്ന് അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഇതിന് ചികിത്സ തേടിയിരുന്നതായും പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവര്‍ നിഗൂഢമായ ഒരു സന്ദേശം വാട്‌സ് ആപ്പില്‍ സ്റ്റാറ്റസായി പങ്കുവച്ചിരുന്നു.

ശനിയാഴ്ച രാത്രിയാണ് സന്ദേശം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. ഭോജ്പുരി സൂപ്പര്‍ സ്റ്റാര്‍ ഖേസരി ലാല്‍ യാദവിനൊപ്പം ദീവാനപന്‍ എന്ന ചിത്രത്തില്‍ അവര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അമൃത ചില ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

Tags