ഒടുവിൽ വാരിസ് സൂപ്പർ ഹിറ്റിലേക്ക്, തമിഴകത്തെ താര രാജാവ് ഇനി ദളപതി !

google news
varisu

തമിഴകത്തെ താരപോരാട്ടത്തിൽ രജനീകാന്തിനെ മാത്രമല്ല ‘തല’ അജിത്തിനെയും മലർത്തിയടിച്ച് ദളപതി വിജയ്. കടുത്ത താര പോരാട്ടത്തിന് ഒടുവിൽ പുറത്തിറങ്ങിയ വിജയ് യുടെ വാരിസ് സിനിമ അജിത്ത് നായകനായ തുനിവ് സിനിമയേക്കാൾ വലിയ രൂപത്തിലുള്ള പ്രക്ഷക പിന്തുണയാണ് നേടിയിരിക്കുന്നത്.

പൊങ്കൽ പ്രമാണിച്ച് തമിഴ് സിനിമാആസ്വാദകരെ പുളകം കൊള്ളിച്ചുകൊണ്ടാണ് വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും തമിഴ് നാട്ടിൽ റിലീസ് ചെയ്തിരിക്കുന്നത്. ഇത് പതിനാറാം തവണയാണ് അജിത്തിന്റെയും വിജയ്‌യുടെയും സിനിമകൾ ഒരേ ദിവസം തിയറ്ററിലെത്തുന്നത്. ജില്ലയും വീരവുമാണ് ഏറ്റവുമൊടുവിൽ ഒരേദിവസം റിലീസ് ചെയ്തിരുന്ന ചിത്രങ്ങൾ.

varisu

തൊണ്ണൂറുകളിലെ വിജയ് സിനിമകളിൽ കണ്ട തമാശ–കുടുംബം–ഇമോഷൻസ്. ഇതിനു മേമ്പൊടിയായി ഒരൽപം ആക്‌ഷൻ. 170 മിനിറ്റിലധികം ദൈർഘ്യമുള്ള സിനിമയിൽ വിജയ് നിറഞ്ഞു നിൽക്കുന്നു. ഒപ്പം രശ്മിക മന്ദാനയുണ്ട്, എസ്.തമന്റെ ഗംഭീര ഗാനങ്ങളുണ്ട്, അച്ഛനായി ശരത്കുമാറുണ്ട്, പ്രധാനവില്ലനായി പ്രകാശ് രാജും പിന്നണിയായി സുമനുമുണ്ട്. വിജയ് ആരാധകന് ആഘോഷിക്കാനുള്ള വകയുമായാണ് വാരിസിന്റെ വരവ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കുടുംബപ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഇത്തവണ ദളപതിയുടെ വരവ്. ചിത്രത്തിന്റെ രണ്ടാംപകുതിയിൽ വിജയ് തന്റെ ഈ യാത്രയെക്കുറിച്ച് കൃത്യമായി ഒറ്റവാക്കിൽ പറയുന്നുണ്ട്..‘ ധർമയുദ്ധം’! തൊണ്ണൂറുകളിലെ വിന്റേജ് വിജയ് ആണ് വാരിസിലുണ്ടാവുകയെന്ന വാക്കു പാലിക്കാനാണ് ശ്രമമെന്ന് സംവിധായകൻ വംശി മുൻപ് പറഞ്ഞിട്ടുണ്ട്. ആ അർഥത്തിൽ, ദ് ബോസ് റിട്ടേൺസ് എന്ന പഞ്ച് ഡയലോഗും ചിത്രത്തിനു ചേരും. 

ഫാമിലി ഇമോഷന്‍, ആക്ഷന്‍, നല്ല പാട്ടുകള്‍ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ്.ചിത്രത്തിന് ആദ്യ ഷോകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളിലെ പ്രദര്‍ശനശേഷം വാരിസ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കിയത്.ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 25 കോടി രൂപയോളമാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. അതിൽ തമിഴ്നാനാടിന് പുറത്തുനിന്ന് മാത്രം 9 കോടി രൂപ നേടിയിട്ടുണ്ട്. വിജയിയുടെ മാസ് രംഗങ്ങൾ, നാല് ഫൈറ്റ് സീക്വൻസുകൾ, ഗാനങ്ങൾ, അമ്മ - മകൻ സെന്റിമെന്റ്സ് തുടങ്ങിയവയായിരുന്നു വാരിസിന്റെ ഹൈലൈറ്റുകൾ. വംശി പൈടിപ്പിള്ളി സംവിധാനം ചെയ്‌ത ചിത്രത്തിൽ രശ്മിക മന്ദാന, ശരത്കുമാർ, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തിരുന്നു.

Tags