നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു; വിവാഹനിശ്ചയ ചിത്രം പങ്കുവച്ച് താരങ്ങൾ

google news
aditi rao

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 'അവന്‍ യെസ് പറഞ്ഞു'-വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'അവള്‍ യെസ് പറഞ്ഞു' എന്ന ക്യാപ്ഷനോടെ സിദ്ധാര്‍ഥും ഇതേ ചിത്രം പങ്കുവെച്ചു.

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് താരങ്ങൾ വിവാഹിതരായതായി എന്നാണ് റിപ്പോര്‍ട്ടുകള്‍‌‌ വന്നത്. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹം കഴിഞ്ഞില്ല വിവാഹ നിശ്ചയമാണ് കഴിഞ്ഞത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.  

ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. 2021-ല്‍ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. 

ഇരുവരും രണ്ടാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2003-ല്‍ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു. 2007-ല്‍ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.