മറ്റൊരു സ്ത്രീയുമായി ബന്ധം; ശാരീരികമായി ഉപദ്രവിക്കുന്നു; നടൻ രാഹുൽ രവിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

google news
rahul ravi

സിനിമ-സീരിയൽ താരം രാഹുൽ രവിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ലക്ഷ്മി എസ്. നായർ. തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ രാഹുലിനെതിരെ ചെന്നൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാഹുൽ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മറ്റൊരു സ്ത്രീയുമായി രാഹുലിനെ സ്വന്തം അപ്പാർട്മെന്റിൽ നിന്നും ലക്ഷ്മി പിടികൂടുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.

 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയതായും , രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയതായും എഫ്ഐആറിൽ പറയുന്നുണ്ട്. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ പറയുന്നുണ്ട്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു.

2020ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വാർത്ത പുറത്തുവന്നിരിക്കുന്നത്.

മോഡലിങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുൽ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായി എത്തി തെന്നിന്ത്യയിലും രാഹുൽ ശ്രദ്ധേയനായി. ഇപ്പോൾ സൺ ടിവിയിൽ ‘കണ്ണാണകണ്ണേ’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്.