നടൻ നാസറിന്റെ മകൻ വിജയ്‌യുടെ പാർട്ടിയിൽ ചേർന്നു

nassar son

നടൻ നാസറിന്റെ മകൻ അബ്ദുൾ അസൻ ഫൈസൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതം ലോകത്തെ അറിയിച്ചത്. '2014 ലെ അപകടത്തിന് ശേഷം അവന്‍ കണ്ണ് തുറന്നപ്പോള്‍ അവന് ഓര്‍മ്മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്‍. ഇന്ന് അവന്‍ അതേ ആരാധനയോടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലും ചേര്‍ന്നു' എന്നാണ് കമീലിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

2014 മെയ് 22 ലാണ് അബ്ദുൾ അസൻ ഫൈസലിന് അപകടം സംഭവിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫൈസലിന്റെ കാർ കൽപ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്.

2018ല്‍ തന്റെ കടുത്ത ആരാധകനായ ഫൈസലിന്‍റെ ജന്മദിനത്തില്‍ വിജയ് നല്‍കിയ സര്‍പ്രൈസ് വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് ഫൈസലിനൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചായിരുന്നു  വിജയ് മടങ്ങിയത്.