നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു
കൊച്ചി: നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹർജി നൽകിയത്. ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജി. അതേസമയം, കേസ് പരിഗണിക്കാനായി സെപ്റ്റംബർ ആറിലേക്ക് മാറ്റി.
ഐപിസി 506, 354 വകുപ്പുകൾ പ്രകാരം ഫോർട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി എന്നതടക്കമാണ് നടിയുടെ പരാതി എന്നാണ് വിവരം.
ഇതേ നടിയുടെ മറ്റൊരു പരാതിയില്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. 379 വകുപ്പ് പ്രകാരമാണ് കേസ്. തന്നെ കാറിൽ കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും വാട്സാപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നുമാണ് നടിയുടെ പരാതി.