കരുത്തനായ പിതാവിൻ്റെ പിൻഗാമിയായി മലയാള സിനിമയിൽ സാന്നിദ്ധ്യമറിയിച്ച നടൻ: മേഘനാഥൻ്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടം
കണ്ണൂർ: കരുത്തുറ്റ നടനായ പിതാവിൻ്റെ യഥാർത്ഥ പിൻഗാമിയായിരുന്നു അന്തരിച്ച ചലച്ചിത്ര നടൻ മേഘനാഥൻ. ബാലൻ കെ നായർ സ്ക്രീനിൽ പൗരുഷം നിറഞ്ഞ ശബ്ദവും മുഖഭാവങ്ങളും കൊണ്ടു പകർന്നാടിയ കഥാപാത്രങ്ങൾക്ക് സമാനമായിരുന്നു മേഘനാഥൻ പിന്നീട് ചെയ്ത കഥാപാത്രങ്ങളും.
മലയാളസിനിമ – സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന നടൻ മേഘനാഥൻ്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. 1983 ൽ പി എൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ബാലൻ കെ നായരുടെ മകനെന്ന ലേബലിന് പുറത്തേക്ക് കടക്കാൻ തൻ്റെ അഭിനയ സിദ്ധിയിലൂടെ മേഘനാഥന് കഴിഞ്ഞു.
അച്ഛനെ പോലെ വില്ലൻ വേഷങ്ങളിലൂടെയായിരുന്നു മേഘനാഥനും ശ്രദ്ധിക്കപ്പെട്ടത്. ‘ഈ പുഴയും കടന്നി’ലെ ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ സഹോദരിമാരെ ഉപദ്രവിക്കുന്ന രഘുവും, ‘ഒരു മറവത്തൂർ കനവി’ലെ ഡ്രൈവർ തങ്കപ്പനും ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ തിമ്മയ്യയുമെല്ലാം മേഘനാദൻ അവിസ്മരണീയമാക്കിയ വില്ലൻ കഥാപാത്രങ്ങളാണ്. നായകന്മാർക്കൊപ്പം ഒപ്പത്തിനൊപ്പം നിന്ന് ആസ്വാദകനീൽ ഭീതി സൃഷ്ടിക്കാൻ തനിക്ക് ലഭിച്ച വില്ലൻ കഥാപാത്രങ്ങളിലൂടെ മേഘനാദന് സാധിച്ചിരുന്നു.വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ക്യാരക്റ്റർ റോളുകളിലേക്ക് ചുവടുമാറ്റം നടത്തിയപ്പോൾ തന്റെ അഭിനയപാടവം കൊണ്ട് കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കാനും മേഘനാദന് സാധിച്ചിരുന്നു. ‘ആക്ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രൻ എന്ന കഥാപാത്രം ഒരു വിങ്ങലുപോലെ ആസ്വാദകന്റെ ഹൃദയത്തിലിടം പിടിക്കുന്നത് അദ്ദേഹത്തിന്റെ അഭിനയനികവിന്റെ സാക്ഷ്യമാണ്.
‘സൺഡേ ഹോളിഡേ’യിലെ എസ്ഐ ഷഫീക്ക്, ‘ആദി’യിലെ മണി അണ്ണൻ, ‘കൂമനി’ലെ എസ്ഐ സുകുമാരൻ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള സിനിമക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മേഘനാഥന്റെ മരണം. . 50 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പഞ്ചാഗ്നി, ചമയം, ഭൂമിഗീതം, ചെങ്കോൽ, മറവത്തൂർ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 40 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ സിനിമക്കൊപ്പം നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടിട്ടുണ്ട്. മലയാളികൾക്ക് പ്രീയങ്കരനായി മാറിയ അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ ലക്ഷണമൊത്ത പൗരുഷ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്ന പ്രതിഭാശാലിയായ നടനെയാണ് മലയാള സിനിമാലോകത്തിന് നഷ്ടമായത്.