ആടുജീവിതം മലയാളിയുടെ സ്വന്തം സിനിമ ; പൃഥ്വിരാജ്
മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം 'ആടുജീവിത'ത്തെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍. ആടുജീവിതം മലയാളിയുടെ സ്വന്തം സിനിമയാണെന്നും മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്നും നടന് പറഞ്ഞു. നജീബ് ജീവിച്ച ജീവിതവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും തങ്ങളുടേതായ രീതിയില്‍ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നുവെന്നും നടന് പ്രതികരിച്ചു.
വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പ് തന്നെ നേടാന്‍ കഴിയൂ. ഈ സിനിമയ്ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടായി. സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. ആടുജീവിതത്തിന്റെ യാത്രക്കിടയില്‍ എന്റെ ജീവിതം ഒരുപാട് മാറി. ഒരു നടന് എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ ഇതിനിടയില്‍ സംഭവിച്ചിട്ടുണ്ട്.
നജീബെന്ന മനുഷ്യന് ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ല, എങ്കിലും ഞങ്ങളുടേതായ രീതിയില്‍ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. ഇത്തരം കഠിനമായ യാത്രകള്‍ മറ്റ് സിനിമകള്‍ക്ക് ഉണ്ടാകരുതേ എന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ എല്ലാക്കാലവും നന്ദിയോടെ ഓര്‍മിക്കും. ഒരുപാട് കാലങ്ങളില്‍ ഇത് എന്തുകൊണ്ടെന്നും എന്തിന് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ വളരെ നന്ദിയോടെയാണ് ഓര്‍ക്കുന്നത്. മനുഷ്യരെന്ന നിലയില്‍ വളരെയധികം പരിണാമങ്ങളും, മാറ്റങ്ങളുമുണ്ടായി. എല്ലാക്കാലത്തും എന്റെ ജീവിതത്തില്‍ ഞാന്‍ സൂക്ഷിക്കുന്ന കുറച്ച് കാര്യങ്ങളില്‍ ആടുജീവിതമെന്ന സിനിമയും ഷൂട്ടിങ് ദിവസങ്ങളും ഉണ്ടായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.