'നഗ്‌നതയില്‍ സുഖം കണ്ടെത്തുന്ന ഒരാള്‍ക്ക് ശക്തിമാനാക്കാന്‍ കഴിയില്ല'; രണ്‍വീറിനെതിരെ മുകേഷ് ഖന്ന

ranveer

സൂപ്പര്‍ ഹീറോ 'ശക്തിമാന്‍' ബോളിവുഡില്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ചിത്രത്തില്‍ ശക്തിമാനായി രണ്‍വീര്‍ സിങ് എത്തുമെന്നും അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. രണ്‍വീര്‍ സിങ് ശക്തിമാനായി അഭിനയിച്ചാല്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്ന് മുകേഷ് ഖന്ന പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു മുകേഷിന്റെ പ്രതികരണം. രണ്‍വീറിന്റെ നഗ്‌നഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങളെ ഖന്ന വിമര്‍ശിക്കുന്നുണ്ട്.
'നടന്‍ രണ്‍വീര്‍ സിംഗ് 'ശക്തിമാന്‍' അവതരിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. പലരും അതില്‍ അഭിപ്രായങ്ങള്‍ രേഖപെടുത്തിയപ്പോഴും ഞാന്‍ നിശബ്ദനായിരുന്നു. എന്നാല്‍ രണ്‍വീറുമായി കരാറായതായി ചാനന്‍ പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. എത്ര വലിയ താരമായാലും ഇങ്ങനൊരു ഇമേജുള്ള ഒരാള്‍ക്ക് ഒരിക്കലും 'ശക്തിമാന്‍' ആകാന്‍ കഴിയില്ല. പറയേണ്ടത് ഞാന്‍ പറഞ്ഞിട്ടുണ്ട് ഇനി എന്താകുമെന്ന് നോക്കാം.
പേപ്പര്‍ മാസികയ്ക്കുവേണ്ടി രണ്‍വീര്‍ നഗ്‌നചിത്രീകരണം നടത്തിയിരുന്നു. ഇതിനെതിരെ മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇത്തരം പെരുമാറ്റം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. നഗ്‌നതയില്‍ സുഖം തോന്നുന്നുണ്ടെങ്കില്‍ എല്ലാ മൂന്നാമത്തെ സീനിലും നഗ്‌നരംഗങ്ങള്‍ ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളില്‍ പോകണം.
നമ്മുടെ മത്സരം സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, ക്യാപ്റ്റന്‍ പ്ലാനറ്റ് എന്നിവയോടല്ല എന്ന് ഞാന്‍ നിര്‍മ്മാതാക്കളോട് പറഞ്ഞിട്ടുണ്ട്. 'ശക്തിമാന്‍' വെറുമൊരു സൂപ്പര്‍ ഹീറോ മാത്രമല്ല സൂപ്പര്‍ ടീച്ചര്‍ കൂടിയായിരുന്നു. അപ്പോള്‍ ആ വേഷം ചെയ്യുന്ന നടന്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ കേള്‍ക്കും എന്ന നിലവാരം ഉണ്ടായിരിക്കണം. സോഷ്യല്‍ മീഡിയ വന്നതോടെ ആളുകളുടെ പ്രതികരണവും ഉടന്‍ അറിയാം. അഭിനേതാക്കളുടെ രാഷ്ട്രീയം വരെ ഇവര്‍ തുറന്നു പറയും. സിനിമ ഓടണമെങ്കില്‍ കണ്ടന്റ് നന്നാകണം. സൂപ്പര്‍താരങ്ങള്‍ വന്നാല്‍ മാത്രം സിനിമ ഓടില്ല.''–മുകേഷ് ഖന്ന പറഞ്ഞു.

Tags