ബൈബിളിനുള്ളില്‍ തോക്ക്; 'ആന്റണി'സിനിമ വിവാദത്തില്‍ വിശദീകരണമറിയിച്ച് നിര്‍മ്മാണ കമ്പനി

google news
antony

ജോഷി ജോജു ജോര്‍ജ് കൂട്ടുക്കെട്ടിലിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ആന്റണി'ക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. ചിത്രം മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി.
ആന്റണി ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണെന്നും ചിത്രത്തിലെ ഒരു രംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പര്‍ദ്ധയോ തൊടുത്തുവിടാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളതല്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഐന്‍സ്റ്റീന്‍ മീഡിയ അറിയിച്ചു.
'കലാ ആവിഷ്‌കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാന്‍ ശ്രമിക്കുന്ന ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണ് 'ആന്റണി'. പ്രസ്തുത രംഗം, കഥാ സന്ദര്‍ഭത്തിന് ആവശ്യമെന്ന രീതിയില്‍ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ആ രംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പര്‍ദ്ധയോ തൊടുത്തുവിടാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളതല്ല.
ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ നമ്മുടെ പ്രേക്ഷകര്‍ക്കുള്ളിലെ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളെ ഞങ്ങള്‍ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവര്‍ത്തകര്‍ എന്ന നിലയിലും വിശ്വാസപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നു. സര്‍ഗ്ഗാത്മക തത്ത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭാവിയില്‍ കൂടുതല്‍ ക്രിയാത്മകമായ സൃഷ്ടികള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ പരിശ്രമിക്കും.' എന്നാണ് നിര്‍മ്മാണ കമ്പനിയായ ഐന്‍സ്റ്റീന്‍ മീഡിയ വിശദീകരണമറിയിച്ചത്.

Tags