തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു; ആരോപണം തെളിയിക്കപ്പെട്ടാല്‍ നിയമനടപടികള്‍ക്കൊപ്പം സിനിമയില്‍ വിലക്കും നേരിടണം

vishal
vishal

ചെന്നൈ: ഹേമ കമ്മിറ്റി മാതൃകയിൽ തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘമാണ് കമ്മിറ്റി രൂപീകരിച്ചത്. സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള സ്ഥിരം കമ്മിറ്റി എന്ന നിലയിലാണ് കമ്മിറ്റി രൂപീകരിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് നടികര്‍ സംഘം ഇക്കാര്യം അറിയിച്ചത്. 

അഭിനേതാക്കൾക്ക് നേരെയുള്ള ആരോപണം തെളിയിക്കപ്പെട്ടാല്‍  നിയമനടപടികള്‍ നേരിടുന്നതിനൊപ്പം അഞ്ച് വര്‍ഷം വരെ സിനിമയില്‍ വിലക്കും നേരിടണം. പരാതികള്‍ അറിയിക്കാന്‍ ഇ മെയിലും ഫോണ്‍ നമ്പറും തയ്യാറാക്കിയിട്ടുണ്ട്. അതിജീവിതര്‍ക്ക് നിയമസഹായവും കമ്മിറ്റി ഉറപ്പാക്കും. 

മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സമാനമായ കമ്മിറ്റി കോളിവുഡിലും വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ പത്ത് പേരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ നടപടി ആരംഭിച്ചെന്നും അധികം വൈകാതെ ഇത് നിലവില്‍ വരുമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചിരുന്നു.