അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളത്, മിണ്ടാതിരിക്കാന്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി: മഞ്ജു പത്രോസ്

google news
manju
നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും അധിക്ഷേപിക്കുന്നത് ആളുകള്‍ക്ക് ഭയങ്കര സുഖമാണ്.

തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്. വലിയ ബോഡിഷെയ്മിംഗ് തന്നെ തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും അധിക്ഷേപിക്കുന്നത് ആളുകള്‍ക്ക് ഭയങ്കര സുഖമാണ്. തിരക്കഥ എഴുതുമ്പോള്‍ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റില്‍ വന്നാല്‍ അറിയാം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തല്ല് പിടിക്കുന്നത് ഞാന്‍ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ളതിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ചെയ്യാറില്ലെന്നും മഞ്ജു പറയുന്നു.
തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്. അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്‌നേഹിക്കാന്‍ പറ്റൂ താരം പറഞ്ഞു.

തന്റേതെന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും മഞ്ജു പറഞ്ഞു. പ്രതികരിക്കാനില്ല. പ്രതികരിച്ചിട്ടും കാര്യമില്ല. ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച് തന്നതായിരുന്നു. കണ്ടാല്‍ വിചാരിക്കും ഒറിജിനല്‍ ഇതാണെന്ന്. ഒറിജനല്‍ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു. ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും. അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളതെന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നാണ് മഞ്ജു പറയുന്നത്.

Tags