'തങ്കം’ നാളെ മുതൽ തിയറ്ററുകളിൽ

Thankam

ഭാവന സ്റ്റുഡിയോസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘തങ്കം’ നാളെ മുതൽ തിയറ്ററുകളിലെത്തുകയാണ്. ഉദ്വേഗ മുനയിൽ നിർ‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ കാത്തിരിപ്പിലാണ്. സ്വർണ്ണ ഏജന്‍റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസും മറ്റുമൊക്കെയായി ഒരു ക്രൈം ഡ്രാമ തന്നെയാണ് സിനിമയെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്.

ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇരുവർക്കുമുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ആദ്യമായാണ് ഇരുവരും ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ സിനിമയുടെ ഭാഗമാകുന്നതെന്നതും പ്രത്യേകതയാണ്. ഏറെ ശക്തമായ ഒരു വേഷത്തിൽ അപര്‍ണ ബാലമുരളിയും സിനിമയിലുണ്ട്.

ബോളിവുഡ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലുണ്ട്. കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് ‘തങ്ക’ത്തിലുള്ള മറ്റ് പ്രധാന താരങ്ങൾ. നിരവധി മറാത്തി തമിഴ് താരങ്ങളും മറ്റനവധി താരങ്ങളും സിനിമയിലുണ്ട്. ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

Share this story