ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി നാളെ തിയറ്ററുകളിലേക്ക്
Chattambi

ശ്രീനാഥ് ഭാസി ആദ്യമായി സോളോ ഹീറോ പരിവേഷത്തിൽ എത്തുന്ന ചട്ടമ്പി നാളെ തിയറ്ററുകളിലേക്ക്. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലെ കറിയ എന്ന നായകനെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. 1990കളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്പിയുടെ കഥ വികസിക്കുന്നത്.

കൂട്ടാർ എന്ന ഗ്രാമത്തിലെ എല്ലാവരും ഭയക്കുന്ന ചട്ടമ്പിയാണ് താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയ. മുട്ടാറ്റിൽ ജോൺ എന്ന ആ നാട്ടിലെ പണക്കാരന്റെ വലംകയ്യാണ് കറിയ. ഒരു ഘട്ടത്തിൽ ജോണിന് പോലും കറിയ ബുദ്ധിമുട്ടായിത്തീരുന്നു. ഇതോടെ ഇരുവരും ശത്രുതയിലാകുന്നു. ഇതാണ് കഥയുടെ തുടക്കം. താൻ ഏറെ മോഹിച്ച ഒരു ജോണറും കഥാപാത്രവുമാണ് ചട്ടമ്പിയും കറിയയുമെന്ന് ശ്രീനാഥ് ഭാസി പറയുന്നു. വളറെ പരുക്കനായ ഒരു കഥാപാത്രമാണ് കറിയ, ഇത്തരം ഒരു കഥാപാത്രം എന്നും തന്റെ സ്വപ്നമായിരുന്നുവെന്നും ഭാസി പറഞ്ഞു. ചിത്രത്തിന്റെ പ്രചരണാർത്ഥം ഭാസി പാടിയ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

Share this story