ഷാഹി കബീറിന്റെ 'ഇലവീഴാപൂഞ്ചിറ'; ഫസ്‌റ്റ് ലുക്കെത്തി, നായകൻ സൗബിൻ
Ilaveezhapoonchira

ജോസഫ്, നായാട്ട് എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ ഷാഹി കബീർ സംവിധായകനാകുന്നു. ഷാഹി കബീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ഇലവീഴാപൂഞ്ചിറ’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.

സൗബിൻ ഷാഹിറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിവിട്ടത്.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന പ്രദേശമാണ് വിനോദ സഞ്ചാര മേഖലയായ ‘ഇലവീഴാപൂഞ്ചിറ’. ഇവിടുത്തെ കാഴ്‌ചകൾക്കൊപ്പം തന്നെ ശബ്‌ദത്തിനും ഏറെ പ്രാധാന്യം നൽകുന്നതാകും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യ-ശ്രവ്യ അനുഭവമാകും സിനിമ സമ്മാനിക്കുക എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

കൂടാതെ ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്‌ണു വേണു നിർമിക്കുന്ന ചിത്രത്തിൽ സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിധീഷിന്റെ കഥയ്‌ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. മനീഷ്‌ മാധവൻ ഛായാഗ്രഹണവും കിരൺ ദാസ്‌ എഡിറ്റിങ്ങും നിർവഹിക്കുന്നു. അനിൽ ജോൺസണാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Share this story