വധഭീഷണി : സൽമാൻ ഖാന് തോക്കിന് ലൈസൻസ് ലഭിച്ചു

google news
Salman Khan

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. അടുത്തിടെ താരത്തിന് വധഭീഷണി കത്ത് ലഭിച്ചിരുന്നു. ഇതിനുപിന്നാലെ പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെയെ സൽമാൻ ഖാൻ കാണുകയും സ്വയ രക്ഷയ്ക്കായി തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷ നൽകുകയും ചെയ്തു. ഇതു പരിഗണിച്ചാണ് മുംബൈ പൊലീസ് താരത്തിന് ലൈസൻസ് നൽകിയത്.

മേയ് 29 ന് പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുപിന്നാലെയാണ്, ജൂണിൽ സൽമാൻ ഖാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്. മൂസേവാലയെ കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്‌ണോയിയാണ് സൽമാൻ ഖാനെതിരെ വധ ഭീഷണി മുഴക്കിയത്.

1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ നടൻ ആരോപിക്കപ്പെട്ടതു മുതൽ ലോറൻസ് ബിഷ്‌ണോയി സൽമാനെ ലക്ഷ്യമിട്ടിരുന്നു. കൃഷ്ണമൃഗങ്ങളെ ആരാധിക്കുന്നവരാണ് ബിഷ്‌ണോയി സമൂഹം.

കഴിഞ്ഞ മാസമാണ് മുംബൈ പൊലീസ് ആസ്ഥാനത്തെത്തി സൽമാൻ ഖാൻ പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കണ്ടത്. തനിക്കും കുടുംബത്തിനും സ്വയ രക്ഷയ്ക്കായി ഒരു തോക്ക് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ഒരു ഓഫീസർ പറഞ്ഞു. ലൈസൻസ് നൽകിയതിനെ തുടർന്നാണ് ഫിസിക്കൽ വെരിഫിക്കേഷനായി സൽമാൻ പൊലീസ് ആസ്ഥാനത്ത് എത്തിയതെന്നും ഓപീസർ വ്യക്തമാക്കി.

ഒരു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസാണ് സൽമാൻ ഖാന് ലഭിച്ചത്. അതേസമയം, ഏത് തോക്കായിരിക്കും സൽമാന് വാങ്ങാനാവുക എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
 

Tags