രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' മെയ് 27ന് തിയേറ്ററുകളിൽ
Crime and Punishment

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും‘ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. മെയ് 27നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുക. ആസിഫ് അലി പോലീസ് ഉദ്യോഗസ്‌ഥനായി എത്തുന്ന ചിത്രമാണിത്.

കേരളവും രാജസ്‌ഥാനും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് 2020ലാണ്. കോവിഡ് കാരണമാണ് ചിത്രീകരണം ഇത്രയും നീണ്ടത്. ഇന്‍വെസ്‌റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ഫസ്‌റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ സിബി തോമസിന്റേതാണ് കഥ.

പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്‌ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വിആര്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍.

എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്‌ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. നിവിന്‍ പോളി നായകനാവുന്ന ‘തുറമുഖ’മാണ് രാജീവ് രവിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം. ഇതിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Share this story