വിദേശവനിതയെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കി : ഓസ്കാർ ജേതാവ് അറസ്റ്റിൽ
oscar

കനേഡിയൻ തിരക്കഥാകൃത്തും സംവിധായകനും ഓസ്‌കർ ജേതാവുമായ പോൾ ഹാഗ്ഗിസിനെ ലൈംഗികാതിക്രമത്തിനും പരിക്കേൽപ്പിച്ചതിനും പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഇറ്റാലിയൻ ജേണലിസ്റ്റ് സിൽവിയ ബിസിയോയും സ്പാനിഷ് കലാ നിരൂപകൻ സോൾ കോസ്റ്റൽസ് ഡൗൾട്ടനും ചേർന്ന് ജൂൺ 21 മുതൽ 26 വരെ നടത്താനിരുന്ന ഒരു പുതിയ ചലച്ചിത്ര പരിപാടിയായ അല്ലോറ ഫെസ്റ്റിൽ മാസ്റ്റർ ക്ലാസ് അവതരിപ്പിക്കാനിരിക്കേയാണ് ഹാഗ്ഗിസ് അറസ്റ്റിലാവുന്നത്.

ഇറ്റലിക്ക് പുറത്തുനിന്നുള്ള സ്ത്രീയെ ഹാഗ്ഗിസ് ലൈം​ഗികമായി ഉപദ്രവിച്ചെന്നാണ് തൊട്ടടുത്ത ന​ഗരമായ ബ്രിന്ദിസിയിലെ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞത്. വിവിധ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പീഡനത്തിനിരയാക്കിയ ശേഷം സംവിധായകൻ പെൺകുട്ടിയെ പാപോള കാസെയ്ൽ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ ജീവനക്കാരും പോലീസും ചേർന്ന് അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ഇറ്റാലിയൻ സ്ക്വാഡ്ര പോലീസ് യൂണിറ്റ് ഓഫീസിലെത്തിക്കുകയും ചെയ്തു. ഇതിന് ശേഷം പെൺകുട്ടിയെ ബ്രിന്ദ്സിയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഗുരുതര ലൈംഗികാത്രികമം, ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, വിദേശയുവതിക്കെതിരെ മുന്‍വിധിയോടെ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്നിവ സംവിധായകനും തിരക്കഥാകൃത്തുമായ ഹാഗ്ഗിസ് ചെയ്തതായി സംശയിക്കുന്നതായി ബ്രിണ്ടിസി പ്രോസിക്യൂട്ടർമാരുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലെ നിയമമനുസരിച്ച് കേസിനേക്കുറിച്ച് ഇപ്പോളൊന്നും പറയാനില്ലെന്ന് ഹാഗ്ഗിസിന്റെ പേഴ്സണൽ അറ്റോണി പ്രിയ ചൗധരി പ്രസ്താവനയിൽ അറിയിച്ചു. എല്ലാ ആരോപണങ്ങളും തള്ളിപ്പോവുമെന്നും അദ്ദേഹം നിരപരാധിയാണെന്നും കേസുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതിക്രമത്തിന് ഇരയായ യുവതി മേളയ്ക്ക് മുന്നോടിയായി ഹാഗ്ഗിസിനൊപ്പം താമസിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. കുറച്ചു കാലം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹാഗ്ഗിസിനെ അറസ്റ്റ് ചെയ്തത് ഞെട്ടലുണ്ടാക്കിയെന്ന് അല്ലോറ ഫെസ്റ്റ് അധികൃതർ പ്രതികരിച്ചു. സംവിധായകൻ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തതായും അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായും അവർ അറിയിച്ചു.

'മില്യൺ ഡോളർ ബേബി' എന്ന ചിത്രത്തിന്റെ രചയിതാവാണ് പോൾ ഹാഗ്ഗിസ്. 'ക്രാഷ്' എന്ന ചിത്രത്തിന്റെ സഹ-രചനയും സംവിധാനവും ഇയാൾ തന്നെയായിരുന്നു. ഇതാദ്യമായല്ല ഹാഗ്ഗിസ് ലൈം​ഗികാരോപണം നേരിടുന്നത്. 2013-ലെ ഒരു പ്രീമിയറിന് ശേഷം തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു യുവതി ഹാഗ്ഗിസിനെതിരെ രം​ഗത്തുവന്നിരുന്നു.

Share this story