മറാത്തി ടെലിവിഷൻ നടി കല്യാണി കുരാലെ ജാദവ് വാഹനാപകടത്തിൽ മരിച്ചു

kalyni

മുംബൈ: മറാത്തി ടെലിവിഷൻ നടി കല്യാണി കുരാലെ ജാദവ് (32)  വാഹനാപകടത്തിൽ മരിച്ചു. സാംഗ്ലി-കോലാപൂർ റോഡിൽ കോലാപൂർ നഗരത്തിന് സമീപം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ ട്രാക്ടർ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്.

കോലാപൂർ നഗരത്തിൽ നിന്ന് 20 കിലോമീറ്ററും പൂനെ നഗരത്തിൽ നിന്ന് 230 കിലോമീറ്ററും അകലെയുള്ള സാംഗ്ലി-കോലാപൂർ റോഡിലെ ഹലോണ്ടി ഗ്രാമത്തിൽ ശനിയാഴ്ച  രാത്രി 11 മണിയോടെയാണ് അപകടം.

കോലാപൂർ സിറ്റിയിലെ രാജരാംപുരി പ്രദേശത്ത് താമസിക്കുന്ന കല്യാണി കുരാലെ  അടുത്തിടെ ഹലോണ്ടിയിൽ ഭക്ഷണശാല  ആരംഭിച്ചിരുന്നു. “ലഭിച്ച വിവരം അനുസരിച്ച്, അപകടം നടന്ന ദിവസം റെസ്റ്റോറന്റ് അടച്ച് ജാദവ് വീട്ടിലേക്ക് വരുകയായിരുന്നു. വഴിയില്‍ വച്ച് ഇവരുടെ ഇരുചക്ര വാഹനം ട്രാക്ടർ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ നടിക്ക് മാരകമായ പരിക്കുകൾ പറ്റി. ട്രാക്ടർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്" ഷിറോളി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഇൻസ്പെക്ടർ സാഗർ പാട്ടീൽ പറഞ്ഞു.

തുജ്യാത് ജീവ് രംഗല, ദഖഞ്ച രാജ ജ്യോതിബ തുടങ്ങിയ മറാത്തി ടെലിവിഷൻ സീരിയലുകളിൽ കല്യാണി കുരാലെ ജാദവ് അഭിനയിച്ചിട്ടുണ്ട്.

Share this story