താര യൗവ്വനം മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് ഇന്നേക്ക് 51 വർഷം
mammootty


മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് ഇന്നേക്ക് 51 വര്‍ഷം തികയുകയാണ് . പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. ക്ലാസ് കട്ട് ചെയ്താണ് മമ്മൂട്ടി അന്ന് സിനിമയില്‍ അഭിനയിക്കാന്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ സെറ്റിലേക്ക് എത്തിയത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് അന്ന് മമ്മൂട്ടി അഭിനയിച്ചത്.

അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമകളിലൊന്ന് കൂടിയായിരുന്നു അത്.

കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെ.

പിന്നീട് മമ്മൂട്ടി ഒരു അനുഭവമായി നിറയുകയായിരുന്നു മലയാളത്തില്‍. അഭിനയവൈഭവവും നായകത്വവും ഒരുപോലെ മമ്മൂട്ടിയില്‍ ശോഭിച്ചു. സത്യൻ ആദ്യമായി വാങ്ങിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി പല തവണ വാങ്ങി. 51 വർഷം ,418 സിനിമകൾ ,
6 ഭാഷാ സിനിമകൾ , 3 ഭരത് അവാർഡുകൾ, 6 സ്റ്റേറ്റ് അവാർഡുകൾ ,പത്മശ്രീ ഡോക്ടർ മെഗാസ്റ്റാർ മമ്മൂട്ടി ,വേറെയും ഒട്ടനവധി അവാർഡുകൾ.

50 വർഷങ്ങൾക്ക് മേലെ ആടി തീർക്കാൻ ഇനി ഏതെങ്കിലും വേഷം ബാക്കി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാവില്ല. അംബേദ്കർ, ബഷീർ, പഴശ്ശിരാജ തുടങ്ങി ചരിത്രത്തിന് സിനിമയിലൂടെ ജീവൻ വെപ്പിച്ച മുഖം, കേരളത്തിൻ്റെ വടക്ക് മുതൽ തെക്ക് വരെയുള്ള എല്ലാ സ്ലാങ്ങും ഇത്ര ഈസി ആയി കൈകാര്യം ചെയ്യുന്ന നടൻ, വോയിസ് കൺട്രോളിൽ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം. “Face Of Indian Cinema” എന്ന് തെളിയിച്ച താരം..

പോരായ്മകൾ ഉള്ള നടനെന്ന് സ്വയം പറയുമ്പോഴും ഇന്നും ആ അഭിനയത്തിന് മുൻപിൽ പലപ്പോഴും ആ പറഞ്ഞ വാക്കിനെ കാറ്റിൽ പറത്തുകയാണന്നാണ് പലപ്പോഴും തോന്നാറുള്ളത്. 50 വർഷങ്ങളിലെ ആ യാത്രയിൽ മമ്മൂട്ടി എന്ന നടൻ മലയാളി മനസ്സിൽ വളർന്ന പോലെ മമ്മൂട്ടി എന്ന മനുഷ്യനും വളർന്നു കൊണ്ടേ ഇരിക്കുകയാണ് . പ്രേംനസീറിനെപ്പോലെ നിത്യഹരിതനായകനായി മമ്മൂട്ടി ഇന്നും തുടരുന്നു.
 

Share this story