കമൽഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു

film

വിക്രത്തിന്റെ വമ്പൻ വിജയത്തോടെ നടൻ കമൽഹാസൻ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴ് ചലച്ചിത്ര വ്യവസായത്തിലെയും കമൽഹാസന്റെയും കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. അദ്ദേഹത്തിന്റെ 233-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ എച്ച്.വിനോദാണ് എന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്.

ഇക്കാര്യം നിർമ്മാതാവ് ഉദയനിധി സ്റ്റാലിൻ സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന ഒരുപരിപാടിയിലാണ് ഉദയനിധി സ്റ്റാലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണം 2023 ന്റെ തുടക്കത്തോടെ ആരംഭിക്കും.എന്നാൽ ഉദയനിധി ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗമല്ല. KH 233 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഉടൻ നടക്കുമെന്നാണ് വിവരം.

എന്നാൽ സിനിമയുടെ മറ്റൊരു വിശേഷമാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. കമൽഹാസനൊപ്പം ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് മക്കൾസെൽവൻ വിജയ് സേതുപതിയാണെന്നതാണ് ആ വാർത്ത. ഇക്കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കമൽഹാസന്റെയും വിജയ് സേതുപതിയുടെയും ആരാധകർ ആവേശത്തിലാണ്. വിക്രം സിനിമയിലും വിജയ് സേതുപതി സുപ്രധാന വേഷത്തിലെത്തിയിരുന്നു. വിക്രത്തിന്റെ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്. 2024 ലായിരിക്കും വിക്രം രണ്ടാം ഭാഗമെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story