‘ജയ് ഭീം’ ബെയ്ജിംഗ് ചലച്ചിത്രമേളയിലേക്ക് : സൂര്യയ്ക്കിത് ഇരട്ടിമധുരം
SURIA

സൂര്യ ചിത്രം ജയ് ഭീം' ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. 12-ാമത് ബെയ്ജിംഗ് മേളയിലെ ടിയന്റാന്‍ പുരസ്‌കാരത്തിനായാണ് ‘ജയ് ഭീം’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു ചിത്രം കൂടിയായിരുന്നു ‘ജയ് ഭീം’. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ നേട്ടത്തിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടിയ ചുരുക്കം ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ‘ജയ് ഭീം’.

മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനായും സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ സൂര്യയുടെ ‘സുരറൈ പോട്ര്’ മികച്ച നടന്‍, മികച്ച നടി, മികച്ച സംഗീത സംവിധായകന്‍, മികച്ച തിരക്കഥ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഇതിന് പിന്നാലെ ‘ജയ് ഭീമി’ന്റെ പുതിയ നേട്ടം കൂടി എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളി താരം ലിജോമോള്‍ ജോസും ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.
 

Share this story