ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യമായി ഒരു നേപ്പാളി ചിത്രം എത്തുന്നു

google news
Nepali film

ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യമായി ഒരു നേപ്പാളി ചിത്രം വരുന്നു. സെപ്റ്റംബര്‍ 23 നാണ് ചിത്രത്തിന്റെ റിലീസ്.ഒരു പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ വരവ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. റിലീസ് തീയതിയും ട്രെയ്‌ലര്‍ റിലീസ് തീയതിയും പോസ്റ്ററില്‍ ഉണ്ട്. ട്രെയ്‌ലര്‍ സെപ്റ്റംബര്‍ 1 നും എത്തും. പ്രദീപ് ഖഡ്ക, ക്രിസ്റ്റീന ഗുരുംഗ് എന്നിവര്‍ക്കൊപ്പം ശിവ ശ്രേഷ്ഠ, മാവോത്സെ ഗുരുംഗ്, സുനില്‍ ഥാപ്പ, മനീഷ് റാവത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ചേതന്‍ ഗുരുംഗും മന്‍ദീപ് ഗൌതവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സുഭാഷ് കാലെയ്‌ക്കൊപ്പം സന്തോഷ് സെന്‍, പ്രശാന്ത് കുമാര്‍ ഗുപ്ത, സുഷമ ശിരോമണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചരിത്രത്തിലെ ആദ്യ ഇന്‍ഡോ- നേപ്പാളി ചിത്രമായ പ്രേം ഗീത് 3 ഹിന്ദിയിലും നേപ്പാളി ഭാഷയിലുമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ്. നേപ്പാളി സിനിമയിലെ സൂപ്പര്‍താരം പ്രദീപ് ഖഡ്കയാണ് ചിത്രത്തിലെ നായകന്‍. പ്രേം ഗീത് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണിത്. ആദ്യ രണ്ട് ഭാഗങ്ങളിലും പ്രദീപ് തന്നെയായിരുന്നു നായകന്‍. ക്രിസ്റ്റീന ഗുരുംഗ് ആണ് നായിക.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇന്ത്യന്‍ നിര്‍മ്മാതാവ് സുഭാഷ് കാലെയാണ്. സന്തോഷ് സെന്നും അന്തരിച്ച ചേതന്‍ ഗുരുംഗും ചേര്‍ന്നാണ് സംവിധാനം. നാല് ഗാനങ്ങളുള്ള ചിത്രത്തില്‍ അവ ആലപിച്ചിരിക്കുന്നത് അങ്കിത് തിവാരി, പലാക് മുച്ഛല്‍, ദേവ് നെഗി, റാഹത്ത് ഫത്തേ അലി ഖാന്‍, പവന്‍ദീപ് രഞ്ജന്‍ തുടങ്ങിയവരാണ്. നേപ്പാളി സിനിമയുടെ അര നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രദീപ് ഖഡ്ക പറഞ്ഞു.
 

Tags