ഗോവയിൽ അവധിയാഘോഷിക്കുന്നതിനിടെ കന്നഡ യുവതാരത്തിന് ​ഗുരുതര പരിക്ക്
ACTOR
വായുവിൽ പിന്നിലേക്ക് കരണം മറിയുന്നതിനിടെ ആണ് 37 കാരനായ നടന് അപകടമുണ്ടായതെന്നും സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ​ഗോവയിലെ ആശുപത്രിയിൽ നിന്നാണ് വിദ​ഗ്ധ ചികിത്സക്കായി വിമാനമാർഗം ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

ബെംഗളൂരു: ​ഗോവയിൽ അവധിക്കാലമാഘോഷിക്കുന്നതിനിടെ കഴുത്തിന് ​ഗുരുതര പരിക്കേറ്റ കന്നഡ നടൻ ദി​ഗന്തിനെ ഗോവയിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ​ഗോവയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 വായുവിൽ പിന്നിലേക്ക് കരണം മറിയുന്നതിനിടെ ആണ് 37 കാരനായ നടന് അപകടമുണ്ടായതെന്നും സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ​ഗോവയിലെ ആശുപത്രിയിൽ നിന്നാണ് വിദ​ഗ്ധ ചികിത്സക്കായി വിമാനമാർഗം ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

ബാംഗ്ലൂരിലെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിലാണ് ദി​​ഗന്തിനെ പ്രവേശിപ്പിച്ചത്. നടന്റെ നിലവിലെ അവസ്ഥ വിലയിരുത്തിവരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഗോവയിലെ മണിപ്പാൽ ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഐന്ദ്രിത റേയും ദിഗന്തിനൊപ്പം ബെംഗളൂരുവിലേക്ക് തിരിച്ചു. ഇതാദ്യമായല്ല ദിഗന്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. 2016-ൽ ബോളിവുഡ് ചിത്രമായ ടിക്കറ്റ് ടു ബോളിവുഡിന്റെ ചിത്രീകരണത്തിനിടെ കണ്ണിന് ​ഗുരുതര പരിക്കേറ്റിരുന്നു. കോർണിയക്ക് പരിക്കേറ്റതിനാൽ വിദേശത്ത് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തി. മാസങ്ങൾക്ക് ശേഷമാണ് കാഴ്ച പൂർണമായി  വീണ്ടെടുത്തത്. 2006 ൽ പുറത്തിറങ്ങിയ മിസ് കാലിഫോർണിയ എന്ന ചിത്രത്തിലൂടെയാണ് ദിഗന്ത് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2008-ൽ പുറത്തിറങ്ങിയ ഗാലിപത എന്ന ചിത്രത്തിലെ 'ദൂദ് പേഡ' എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 2011-ൽ പുറത്തിറങ്ങിയ ലൈഫു ഇഷ്ടനേ, 2012-ൽ പാരിജാത എന്ന സിനിമയിലും അദ്ദേഹം ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. അന്തു ഇന്തു എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. യോഗ്‌രാജ് ഭട്ട് സംവിധാനം ചെയ്ത ഗാലിപത 2 ന്റെ റിലീസിനായി കാത്തിരിക്കവെയാണ് അപകടം.

Share this story