തമിഴ് ഗാനം എന്‍ജോയ് എന്‍ജാമിയെച്ചൊല്ലി വിവാദം
Enjoy Njami

ഗായിക ധീ, റാപ്പര്‍ അറിവ് എന്നിവര്‍ ചേര്‍ന്നാലപിച്ച തമിഴ് ഗാനം എന്‍ജോയ് എന്‍ജാമിയെച്ചൊല്ലി വിവാദം. പാട്ടിന്റെ അവകാശം സംബന്ധിച്ചാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. ചെസ് ഒളിംപ്യാഡില്‍ ധീ എന്‍ജോയ് എന്‍ജാമി ആലപിച്ചിരുന്നു. ഇതില്‍ സംഗീതസംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് ഉള്‍പ്പെടുത്തിയത്. അറിവിന്റെ പേര് പരാമര്‍ശിക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി അറിവ് രംഗത്തെത്തി.

‘എന്‍ജോയ് എന്‍ജാമിക്ക് വരികള്‍ കുറിച്ച്, സംഗീതം നല്‍കി, ആലപിച്ചത് ഞാനാണ്. പാട്ടിനുവേണ്ടി ഒരു ഈണമോ വാക്കോ പോലും ആരും തന്നിട്ടില്ല. ആറുമാസം നീണ്ട ഉറക്കമില്ലാത്ത, സമ്മര്‍ദ്ദം നിറഞ്ഞ രാപകലുകളാണ് പാട്ടിനുവേണ്ടി ഞാന്‍ ചിലവാക്കിയത്. ഇതൊരും ടീം വര്‍ക്ക് ആണെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ വള്ളിയമ്മാളിന്റേയും ഭൂമിയില്ലാത്ത തേയിലത്തോട്ടത്തിലെ അടിമകളായ എന്റെ പൂര്‍വികരുടേയും ചിരിത്രമല്ല ഇതെന്ന് അര്‍ഥമാക്കരുത്. എന്റെ എല്ലാ പാട്ടുകളിലും തലമുറകള്‍ അനുഭവിച്ച അടിച്ചമര്‍ത്തലിന്റെ മുറിപ്പാടുകള്‍ ഉണ്ടാകും, ഇതുപോലെതന്നെ.

ഈ നാട്ടില്‍ പതിനായിരക്കണക്കിന് നാടന്‍പാട്ടുകളുണ്ടാകും. അവയെല്ലാം പൂര്‍വികരുടെ ശ്വാസവും അവരുടെ വേദനയും ജീവിതവും സ്‌നേഹവും അവരുടെ പ്രതിരോധവും നിലനില്‍പ്പുമെല്ലാം വഹിക്കുന്നതാണ്. മനോഹരമായ ഗാനങ്ങളിലൂടെയാണ് ഇതൊക്കെ ചര്‍ച്ചയാകുന്നത്. തലമുറകളോളമുള്ള രക്തവും വിയര്‍പ്പുമാണ് കലയെ സ്വതന്ത്രമാക്കിയ ഗാനങ്ങളായത്. ആ ഗാനങ്ങളിലൂടെ ഈ പാരമ്പര്യമാണ് ഞങ്ങള്‍ കൊണ്ടുനടക്കുന്നത്. നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആര്‍ക്കുവേണമെങ്കിലും നിങ്ങളുടെ നിധി തട്ടിയെടുക്കാം. ഉണര്‍ന്നിരിക്കുമ്പോള്‍ അത് സാധിക്കില്ല. അവസാനം സത്യം മാത്രമേ വിജയിക്കൂ’, അറിവ് കുറിച്ചു.
 

Share this story