ചാണക്കാരനായി നഗരം ചുറ്റി ഭീമൻ രഘു
beeman raghu

ടിപ് ടോപ്പ് വേഷത്തിൽ കൂളിംഗ് ഗ്ലാസ്സും വെച്ച് ഒരു 'ചാണക്കാരൻ'. ജീവിതത്തിൽ ആദ്യമായി ഇങ്ങനെയൊരു ചാണക്കാരനെ കണ്ട അമ്പരപ്പും കൗതുകവും ഇപ്പോഴും തമ്മനത്തുകാർക്ക് മാറിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനം ജംഗ്ഷനിൽ കെ സ്റ്റുഡിയോയ്ക്ക് സമീപം വളരെ രസകരമായൊരു കാഴ്ച സമീപവാസികൾ കണ്ടത്. കണ്ടവർ ശരിക്കും ഞെട്ടി. നടൻ ഭീമൻ രഘു ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങി നീട്ടി വിളിക്കുന്നു. അമ്മാ കത്തി രാകണമാ...

കത്തിയുമായി ഓടിക്കൂടിയ വീട്ടമ്മമാരാണ് ശരിക്കും ഞെട്ടിയത്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഭീമൻ രഘു വീടിന് മുന്നിൽ ചാണയുമായി നിൽക്കുന്നു. ഒരങ്കലാപ്പും ഇല്ലാതെ തമിഴിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചോദിക്കുന്നു. കത്തി രാകണാമ്മാ... തമ്മനത്തെ ഒരു ബാർബർ ഷാപ്പിലെ കത്തി താരം രാകി കൊടുത്തു. തന്റെ പുതിയ ചിത്രം ചാണയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഭീമൻ രഘു ചാണയുമായി നഗരം ചുറ്റി നടന്നത്. ഒരു പക്ഷേ മലയാളസിനിമയിൽ ആദ്യമായിട്ടായിരിക്കാം ഒരു സെലിബ്രിറ്റി വളരെ കൂളായി ചിത്രത്തിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നത്. തന്നെക്കാണാൻ അടുത്തുകൂടിയവരോട് തമാശ പറഞ്ഞ് ചേർത്ത് നിർത്തി സെൽഫിയെടുത്താണ് താരം മടങ്ങിയത്.

chaanakkaran

Share this story