സുകുമാരൻ ചാലിഗദ്ദയുടെ ബേത്തി മാരൻ പ്രകാശനം ചെയ്തു

ddd

എഴുത്തിൻ്റെ ലോകത്ത് പുതിയ വഴികൾ തേടുകയാണ് ഗോത്ര കവി സുകുമാരൻ ചാലിഗദ്ദ. മാഞ്ഞു പോകുന്ന ഗോത്ര സംസ്കാരത്തെ പുസ്തക താളുകളിലെങ്കിലും നിലനിർത്താനുള്ള  സുകുമാരൻ്റെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് വിവിധ പുസ്തക പ്രസാധകരും.
ഗോത്ര ഭാഷയും സംസ്കാരവും ഭക്ഷ രീതിയും പോലെ കാലാന്തരത്തിൽ ക്ഷയം സംഭവിക്കുന്ന ഗോത്രനാമങ്ങൾ പുതു തലമുറക്ക് പരിചയപ്പെടുത്തുകയാണ് അവസരം കിട്ടുമ്പോഴൊക്കെ സുകുമാരൻ ചാലിഗദ്ദയെന്ന എഴുത്ത് കാരൻ ചെയ്യുന്നത്.  

കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കൂടിയായ സുകുമാരൻ അതു കൊണ്ട് തന്നെ തൻ്റെ പുതിയ പുസ്തകത്തിന് നൽകിയ പേരും ഒരു ഗോത്ര നാമമാണ്. കോഴിക്കോട്ടെ പുസ്തക പ്രസാധകരായ ഒലിവ് ബുക്ക്സ്  അടുത്തിടെ പുറത്തിറക്കിയ സുകുമാരൻ ചാലിഗദ്ദയുടെ പുസ്തകത്തിൻ്റെ പേര് ബേത്തി മാരൻ എന്നാണ്. പൂർവ്വീകർ പരമ്പാരാഗതമായി തലമുറകൾക്കിട്ട പേരുകളിലൊന്നായ ബേത്തി മാരൻ എന്നത് സുകുമാരൻ്റെ വല്യച്ചൻ്റെ പേരായിരുന്നു. 

കോഴിക്കോട് നടന്ന ചടങ്ങിൽ ഗായിക നഞ്ചിയമ്മയാണ് പുസ്തകം പ്രകാശനം ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ തന്നെ പുസ്തകത്തിൻ്റെ കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞു. ഗോത്ര കവിതകൾ എന്ന ആദ്യ പുസ്തകം  പലരുടെ കൃതികൾ ചേർന്നതായിരുന്നുവെങ്കിൽ സ്വന്തം രചനകൾ മാത്രം ഉൾപ്പെടുത്തിയാണ് ബേത്തി മാരൻ പുസ്തകമാക്കിയത്.  പുതുതലമുറക്കുള്ള ചില പാഠങ്ങൾ കൂടിയാണ്  ഈ പുസ്തകം.
 

Share this story