‘കൈതി 2’ന്റെ അപ്ഡേറ്റുമായി നടൻ കാര്‍ത്തി

kaithi 2

കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ‘കൈതി’. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കൈതി’യുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ‘കൈതി’യുടെ തുടർച്ചയുടെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ‘കൈതി 2’വിനെ കുറിച്ച് ഒരു അപ്‍ഡേറ്റ് നൽകിയിരിക്കുകയാണ് കാർത്തി.

‘കൈതി’ തീർച്ചയായും എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു സിനിമയാണ്. ഒരു ചെറിയ ആശയമായിട്ടാണ് ചിത്രം എന്നിലേക്ക് എത്തിയത്. പക്ഷേ കേൾക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു ഇത് വലിയൊരു ആക്ഷൻ സിനിമയാണെന്ന്. ചിത്രത്തിലെ പ്രധാന കഥാപാത്രം ‘ഡില്ലി’യെ രൂപപ്പെടുത്താൻ ഞങ്ങൾ ഒരുപാട് റിസേർച്ച് ചെയ്‍തു. മനോഹരമായ ഒരു സിനിമയായി അത് മാറി. ലോകേഷ് കനകരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചനയിലാണ്. അടുത്ത വർഷം ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കാർത്തി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘സർദാർ’ എന്ന ചിത്രമാണ് കാർത്തിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ആഗോളതലത്തിൽ 100 കോടി ക്ലബിൽ ചിത്രം എത്തിയിരുന്നു.

ലക്ഷ്‍മൺ കുമാറാണ് കാർത്തിയുടെ ‘സർദാർ’ നിർമ്മിച്ചത്. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമാണം. ഫോർച്യൂൺ സിനിമാസ് ആണ് കാർത്തി നായകനായ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. റൂബൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story