ഒടിടി റിലീസിലും റെക്കോര്‍ഡിട്ട് ‘അഖണ്ഡ’
ഒടിടി റിലീസിലും റെക്കോര്‍ഡിട്ട് ‘അഖണ്ഡ’

നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം ‘അഖണ്ഡ’ . ഒരു ബാലയ്യ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് ആദ്യമാണ്. എന്നാല്‍ 50 ദിവസം കൊണ്ട് 200 കോടിക്കു മേല്‍ നേട്ടമുണ്ടാക്കിയ ചിത്രമായി ഇത് മാറി. എന്നാല്‍ 200 കോടി നേട്ടം തിയറ്റര്‍ കളക്ഷനിലൂടെ മാത്രമല്ല, മറിച്ച് സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയിലൂടെയും ആണ്. ഇപ്പോഴിതാ റിലീസിന്റെ 50 ദിവസത്തിനിപ്പുറം ഒടിടി സ്ട്രീമിംഗും ആരംഭിച്ചിരിക്കുകയാണ് ചിത്രം. തിയറ്ററുകളിലേതുപോലെ അവിടെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബാലയ്യ ചിത്രം നടത്തുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 21ന് വൈകിട്ട് 6നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് ഏറ്റവും മികച്ച ഓപണിംഗ് വ്യൂവര്‍ഷിപ്പ് നേടിക്കൊടുത്ത ചിത്രം ഏത് ഒടിടി പ്ലാറ്റ്‌ഫോമിലും ഒരു ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് തെലുങ്ക് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണവും ഇതാണെന്നാണ് റിപ്പോര്‍ട്ട്. സ്ട്രീമിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ ലഭിച്ച വ്യൂവര്‍ഷിപ്പ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്.

അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രഗ്യ ജയ്‌സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബോയപ്പെട്ടി ശ്രീനുവാണ് സംവിധാനം. സംവിധായകനൊപ്പം എം രത്‌നവും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സി രാം പ്രസാദ് ആണ് ഛായാഗ്രഹണം. സംഗീതം എസ് തമന്‍, ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ മിര്യാള രവീന്ദര്‍ റെഡ്ഡിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

The post ഒടിടി റിലീസിലും റെക്കോര്‍ഡിട്ട് ‘അഖണ്ഡ’ first appeared on Keralaonlinenews.

Share this story