വടക്കേ മലബാറിന്റെ കൈലാസം; മൂഷികരാജാവ് പണികഴിപ്പിച്ച കണ്ണൂരിലെ ഈ ശിവക്ഷേത്രത്തെക്കുറിച്ചറിയാമോ..?
മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അഷ്ടദളാകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെ ഉള്ളത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഏക ശിവക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
കേരളത്തിലെ 108 പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂരിനും തളിപ്പറമ്പിനും ഇടയിൽ കല്ല്യാശ്ശേരിക്ക് സമീപം കീച്ചേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വടേശ്വരം ശിവക്ഷേത്രം. ഈ സ്ഥലത്തെ അരോളി എന്നും വിളിക്കാറുണ്ട്. പർവ്വതം പോലെ തോന്നിക്കുന്ന ഒരു കുന്നിൻ മുകളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ‘വടക്കേ മലബാറിൻ്റെ കൈലാസം' എന്ന അപരനാമത്തിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അഷ്ടദളാകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെ ഉള്ളത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഏക ശിവക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അഷ്ട ദളാകൃതിയിലുള്ള ശ്രീകോവിലിന് 66 അടി ഉയരമുണ്ട്. താഴികക്കുടത്തിന് അഞ്ചര അടി ഉയരമുണ്ട്. നാല് ശിവലിംഗപ്രതിഷ്ഠകൾ ഈ ക്ഷേത്രത്തിലുണ്ട്. ഇത്തരത്തിൽ നാല് ശിവ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ശിവക്ഷേത്രവും ഇതാണ്.
കോലത്ത്നാട് ഭരിച്ചിരുന്ന മൂഷികവംശത്തിലെ നാൽപ്പത്തി മൂന്നാമത്തെ രാജാവും സതസോമന്റെ രണ്ടാം തലമുറക്കാരനുമായ വടുക വർമ്മൻ എന്ന രാജാവ് അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. അതേസമയം ശാസ്താവ്, ദക്ഷിണാമൂർത്തി തുടങ്ങിയ ശിവനുമായി ബന്ധപ്പെട്ട മറ്റ് ദേവതകളും ആരാധിക്കപ്പെടുന്നു. മലബാർ ദേവസ്വം ബോർഡാണ് ക്ഷേത്രത്തിൻ്റെ ഭരണം നടത്തുന്നത്.
ചിറക്കൽ കോവിലകം വകയായിരുന്നു ഈ ക്ഷേത്രം. തീരപ്രദേശത്തെ ഉയർന്ന കുന്നായ കീച്ചേരി കുന്നിനു മുകളിൽ ഉള്ള ഈ ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിൽ നിന്ന് നോക്കിയാൽ പണ്ട് കാലത്ത് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ആനച്ചന്തവും, തൃച്ചംബരംപൂക്കോത്ത് നടയിലെ നൃത്തോൽസവവും കാണാൻ കഴിയുമായിരുന്നത്രെ. ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്.