കേരളത്തിലെ അതിപ്രാചീനവും പൗരാണികവുമായ മലബാറിലെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അറിയാം .....

mamanamm

കേരളത്തിലെ അതിപ്രാചീനവും പൗരാണികവുമായ പ്രമുഖ ദേവിക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതീ ക്ഷേത്രം. കല്ല്യാട് താഴത്തുവീട്‌ വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിരവധി ഋഷിമാർ തപസ്സു ചെയ്തിരുന്ന ഇടമാണ് പുഴക്കരയിലെ ഈ കുന്ന്. അതിനാൽ ഈ സ്ഥലത്തിന് ' 'മാമുനിക്കുന്ന്` എന്നു പേർ വിളിച്ചെന്നും പിന്നീടത് ലോപിച്ച് മാമാനിക്കുന്ന് എന്നായി എന്നും കരുതുന്നു.

കൗളമാര്‍ഗ്ഗം എന്നത് മഹാദേവന്‍ തന്റെ വാമമായ പാര്‍വ്വതീദേവിക്ക് ഉപദേശിച്ചുകൊടുത്ത അതീവരഹസ്യമായ സമ്പ്രദായമാണ്. കൗളമാര്‍ഗ്ഗാരാധന ശക്ത്യാരാധനയും കൂടിയാണ്. ഭാരതത്തിലെ പ്രധാന ജ്യോതിര്‍ലിംഗമുളള അമര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന കാശ്മീര്‍ എന്ന കാശ്മീരദേശം അതിഗുപ്തമായ യന്ത്ര-തന്ത്രാരാധനയ്ക്ക് പുകള്‍പെറ്റതാണ്. കാശ്മീരി ശൈവാരാധനയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് മാമാനിക്കുന്നും.

ശക്തേയപൂജ നടക്കുന്ന ഇത്തരം ഭഗവതീ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർക്ക് പകരം പിടാരർ അല്ലെങ്കിൽ മൂസത് എന്ന സമുദായത്തില്പെട്ട പുരോഹിതരാണ് പൂജകൾ ചെയ്യുന്നത്. ശ്രീചക്രാംഗിത രത്‌നപീഠ നിലയയായ ശ്രീ മഹാദേവി മാമാനിക്കുന്ന് തിരഞ്ഞെടുക്കുവാന്‍ കാരണം ശ്രീചക്രത്തിലെ ബിന്ദുവായ മേരു മാമാനിക്കുന്നാണ് എന്നതുകൊണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്നു.

 ബിന്ദുമണ്ഡലവാസിനി എന്ന ദേവിസഹസ്രനാമം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഗുപ്തമാര്‍ഗ്ഗത്തിലാണ് ഇവിടെ ദേവിയെ ആരാധിച്ചുവരുന്നത്. വടുഭൈരവന്‍, വടുഭൈരവി, ക്ഷേത്രപാലകന്‍, വനശാസ്താവ് എന്നീ ദേവതകള്‍ അമ്മയുടെ പരിവാരങ്ങളായി കുടികൊള്ളുന്നു. ഗര്‍ഭഗൃഹത്തില്‍ മഹാദേവിക്കൊപ്പം അഷ്ടമാതൃക്കളും 64 യോഗിനിമാരും ഗണപതിയും വീരഭദ്രനുമാണ് കുടികൊള്ളുന്നത്.

mamanam

ദേവിയുടെ തൊട്ടുമുന്നിലായി ദേവദേവനായ പരമശിവനെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. മഹാതാണ്ഡവസാക്ഷിണിയായ ശ്രീ മഹാദേവിക്കൊപ്പം താണ്ഡവനര്‍ത്തകന്‍(ശിവന്‍) കുടികൊള്ളുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇവിടം. ഗുരുതിത്തറയില്‍ കുടികൊള്ളുന്നത് അഷ്ടകാളികളും വടുഭൈരവനും വടുഭൈരവിയുമാണ്.

മറികൊത്തൽ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. ജീവിതവിഘ്‌നങ്ങളെ നാളികേരത്തില്‍ സങ്കല്‍പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവെച്ച് വിഘ്‌നനിവാരണാര്‍ത്ഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറിസ്തംഭം നീക്കല്‍.

marikothal

മഹാദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടുകളായ ശക്തിപൂജയും ശത്രുസംഹാരഹോമവുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. ദേവീ ബിംബത്തിലെ അഭിഷേകം മുതലുള്ള പൂജകളാല്‍ അമ്മയുടെ ചൈതന്യം ഏറ്റവും ശക്തിമത്താവുന്ന പൂജാപരിസമാപ്തി വേളയിലാണ് ഗുപ്തമായ ശത്രുസംഹാരഹോമം നടക്കുന്നത്. ശത്രുദോഷമകറ്റി ഭക്തനെ രക്ഷിക്കാന്‍ ശത്രുസംഹാരഹോമം സഹായിക്കുന്നു.

mamanam

രുധിരപ്രീയയായ ശ്രീമഹാമായക്ക് പ്രതീകാത്മകമായി രുധിരം നല്‍കുന്ന ചടങ്ങാണ് ഗുരുസി. രാക്ഷസനിഗ്രഹസമയത്ത് രജോഗുണം വിട്ട് തമോഗുണത്തിലേക്കെത്തുവാന്‍ മഹാദേവി അസുരരുധിരം പാനം ചെയ്തുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മഹാദേവിക്ക് ഗുരുതി തര്‍പ്പണം നടത്തുമ്പോള്‍ നമ്മുടെ അസുരരുധിരം അമ്മ പാനം ചെയ്യുകയും ദേവഗുണം അവശേഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കൗളമാര്‍ഗ്ഗാധിഷ്ടിതമായ ശാക്തേയ ദേവി ക്ഷേത്രങ്ങളില്‍ ഗുരുതി അഥവാ ഗുരുസി മാമാനിക്കുന്നിലെന്നപോലെ ഒരു പ്രധാന വഴിപാടാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്.

mamanam

 സാധാരണ ക്ഷേത്രങ്ങളില്‍ നവരാത്രിക്ക് ഒന്‍പത് ദിവസം ദേവിപൂജ നടക്കുമ്പോള്‍ സഹശ്രനാമത്തിലെ തിഥിമണ്ഡല പൂജിതാം എന്ന നാമത്തെ അന്വര്‍ത്ഥമാക്കികൊണ്ട് 15 ദിവസത്തെ പൂജാദികര്‍മ്മങ്ങളാണ് ഇവിടെ നടക്കുന്നത്. കൗളമാര്‍ഗ്ഗ തല്‍പരയായ ദേവീസ്വരൂപത്തെ ശാന്തസ്വരൂപയായ സരസ്വതീഭാവത്തിലേക്ക് എത്തിക്കുവാനാണ് ഈ നീണ്ട കാലയളവ്. 1980 വരെ കോഴിയറവ് പതിവായിരുന്ന ഇവിടെ പിന്നീട് ആ ചടങ്ങ് നിയമം മൂലം നിരോധിച്ചു.

അന്നപൂര്‍ണ്ണേശ്വരിയായ മഹാമായയുടെ പ്രസാദമായി ദിവസവും രണ്ട് നേരം ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം അന്നദാനംനല്‍കുന്നുവെന്നത് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് മാമാനിക്കുന്നു  മഹാദേവി ക്ഷേത്രം.

കണ്ണൂർ നഗരത്തിൽ നിന്നും റോഡ്മാർഗ്ഗം 30 കിലോമീറ്റർ യാത്രചെയ്താൽ മാമാനിക്കുന്നു  ക്ഷേത്രത്തിൽ എത്താം. തലശ്ശേരി നിന്നും ചാലോട് വഴി 27 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്ക്.

Tags