രണ്ടായിരം വർഷം പഴക്കമുള്ള കണ്ണൂരിലെ ക്ഷേത്രം ; വഴിപാട് നടത്തിയാൽ ഏത് വലിയ രോഗത്തിൽ നിന്നും മുക്തി

google news
തൊടീക്കളം ശിവക്ഷേത്രം

പെരുമാൾ എന്നറിയപ്പെടുന്ന മൃത്യുഞ്ജയേശ്വരനായി ശിവൻ കുടിക്കൊളുന്ന തൊടീക്കളം ശിവക്ഷേത്രം കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ മാറിയാണ്  സ്ഥിതി ചെയ്യുന്നത്. രണ്ടായിരം വർഷം പഴക്കമുള്ള ക്ഷേത്രമാണിത് . രണ്ട് നിലകളിലായുള്ള ചതുര ശ്രീകോവിൽ ചെമ്പു മേഞ്ഞതാണ്. പുറത്തെ വലിയ ബലിക്കൽ എല്ലാവരുടെയും ശ്രദ്ധ നേടുന്നതാണ്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുവശത്തായി ഒരു ബുദ്ധ വിഗ്രഹം കാണാം. വിദേശികളടക്കം ധാരാളം ഭക്തജനങ്ങൾ ഇവിടെ സന്ദർശിക്കാറുണ്ട്.

പരമശിവൻ നൃത്തം ചെയ്ത ചുടലക്കളം ലോപിച്ച് തൊടീക്കളമായി മാറിയെന്നാണ് വിശ്വാസം. ഗണപതി, ധർമ്മ ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ് എന്നിവയാണ് ഇവിടുത്തെ ഉപദേവതമാർ. ഏത് ആഗ്രഹവും സഫലമാകാൻ ഇവിടെ രുദ്രാഭിഷേകം നടത്തിയാൽ മതിയെന്നാണ് വിശ്വാസം. 

തൊടീക്കളം ശിവക്ഷേത്രം

വളരെ വിശേഷമാണ് ഇവിടുത്തെ മൃത്യുഞ്ജയ ഹോമം. ഇവിടെ വന്ന് പ്രാർത്ഥിക്കുകയും മൃത്യുഞ്ജയ ഹോമം നടത്തുകയും ചെയ്താൽ ഏത് വലിയ രോഗത്തിൽ നിന്ന് മോചനം ലഭിച്ച് ദീർഘായുസ്സ് ലഭിക്കുമെന്നാണ് വിശ്വാസം .ഇവിടുത്തെ പ്രധാന വഴിപാടുകൾ രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, ശങ്കാഭിഷേകം, നെയ് വിളക്ക്, പുഷ്പാഞ്ജലി, സർപ്പബലി, ധാര, പിൻവിളക്ക് എന്നിവയാണ്.

അനവധി കൽപ്പടവുകൾ ഉള്ള ഒരു കുളം ക്ഷേത്രത്തിനു സമീപത്തായി കാണാം.മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനിക്കുന്നു ക്ഷേത്രം, കൊട്ടിയൂർ ശിവക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തൃക്കൈകുന്ന് മഹാദേവ ക്ഷേത്രം എന്നിവ ഈ ക്ഷേത്രത്തിന് സമീപത്താണ്.

Tags