ദർശനം കഴിഞ്ഞ് മടങ്ങവെ കുളിക്കാനിറങ്ങി; ശബരിമല തീർത്ഥാടകൻ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു
Oct 20, 2024, 12:18 IST
പത്തനംതിട്ട:പമ്പാ നദിയിൽ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു കാണാതായി. പെരുനാട് മാടമൺ ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നുള്ള തീർത്ഥാടക സംഘത്തിൽപ്പെട്ടയാളാണ് ഒഴുക്കിൽപ്പെട്ടത്.ജിഷ്ണു (22) വിനെയാണ് കാണാതായത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടമുണ്ടായത്. മാടമണ്ണിൽ വാഹനം നിർത്തിയ സംഘം നദിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഈ സമയത്താണ് ജിഷ്ണു ഒഴുക്കിൽപ്പെട്ടത്. കൂടെയുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സും പൊലീസും ഉൾപ്പെടയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
യുവാവിന്റെ പേരും വിവരങ്ങളുമടക്കം ഒപ്പമുള്ളവരാണ് പൊലീസിന് നൽകിയത്. നദിയിൽ തെരച്ചിൽ തുടരുകയാണ്. ആവശ്യമെങ്കിൽ സ്കൂബാ ഡൈവിംഗ് സംഘത്തിന്റെ സഹായം തേടുമെന്നും പൊലീസ് പറഞ്ഞു.