ശബരിമലയിൽ ദർശനം നടത്താൻ പ്രത്യേക സമയക്രമമൊരുക്കി പൊലീസ്


മാസ പൂജ ദർശന സമയവും ദീർഘിപ്പിച്ചു
ശബരിമലയിൽ ദർശനം നടത്താൻ പ്രത്യേക സമയക്രമമൊരുക്കി പൊലീസ്
ശബരിമല: ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവരുന്നവർക്ക് ദർശന സൗകര്യത്തിനായി സമയക്രമം. ഇതനുസരിച്ച് വടക്കേ നടവഴി ഇരുമുടിക്കെട്ടില്ലാതെ ദർശനം നടത്തുന്നവർക്കായി പ്രത്യേക സമയക്രമം ഒരുക്കി പോലീസ്. രാവിലെ ആറുമണിക്കേ വടക്കേ നടവഴി ഇനി ദർശനത്തിന് തീർത്ഥാടകരെ സോപാനത്തേക്ക് കടത്തിവിടുകയുള്ളൂ.
പതിനെട്ടാംപടി കയറിവരുന്നവരെ കൊടി മരചുവട്ടിൽ നിന്നും ബലിക്കൽപുര വഴി രണ്ടുനിരയായാണ് കടത്തിവിടുന്നത്. തിരക്കേറിയാൽ കൊടിമരത്തിന്റെ വലതുവശത്തു കുടി ഫ്ളൈ ഓവറിന്റെ പടിക്കെട്ട് അവസാനിക്കുന്ന ഭാഗത്തുകൂടി ശ്രീകോവിലിന്റെ മുൻ വശത്തെ ബാരിക്കേടിലേക്ക് കടത്തിവിടും. കൂടാതെ ഫ്ളൈഓവർ അവസാനിക്കുന്ന ഭാഗത്ത് പടിക്കെട്ടിനടിഭാഗത്ത് കൂടി വടക്ക് ഭാഗത്ത് ശ്രീകോവിലിന് മുന്നിലെ ഒന്നാമത്തെ നിരയിലേക്ക് കടത്തിവിടുന്നതാണ് മറ്റൊരു ക്രമീകരണം.
വീണ്ടും തിരക്ക് കൂടിയാൽ ഈ മൂന്ന് വഴികൾക്ക് പുറമെ പഴയതു പോലെ കെടാവിളക്ക് ഭാഗത്ത് കൂടി ഫ്ളൈ ഓവറിൽ കയറ്റി അതിലൂടെ ക്ഷേത്രസമുച്ചയത്തെ ചുറ്റി ദർശനത്തിന് കടത്തിവിടും.ഇതോടെ തീർത്ഥാടന കാലത്ത് ഉണ്ടാകുന്ന വലിയ തിരക്ക് പൂർണമായും ഒഴിവാക്കാനാകും എന്നാണ് പോലീസിന്റെ കണക്ക് ക്കൂട്ടൽ.

ഈ ക്രമീകരണങ്ങൾ ഏറെ തിരക്ക് അനുഭവപ്പെടുന്ന വിഷുവിന് പൂർണ്ണമായും നടപ്പിലാക്കി പോരായ്മ പരിഹരിച്ച് കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എ.ഡി.ജി.പിയും ശബരിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ്.ശ്രീജിത്ത് പറഞ്ഞു. മീനമാസ പൂജയ്ക്ക് നടതുറന്നപ്പോഴാണ് കൊടിമരച്ചുവട്ടിൽ നിന്നും ബലിക്കൽപുര വഴി സോപാനത്തേക്ക് ദർശനത്തിനായി ആദ്യമായി കടത്തിവിട്ട് പരീക്ഷണം നട ത്തിയത്.
കൊടിമരച്ചുവട്ടിൽ നിന്ന് നേരെ ബലിക്കൽ പുരയുടെ ഇടതു വശത്തും വലതു വശത്തുമായി രണ്ട് വരിയായിയാണ് ശ്രീ കോവിലിന് മുന്നിൽ എത്തേണ്ടത്. പതിനെട്ടാം പടിക്കും ശ്രീകോവിലിനും ഇടയിലുള്ള ആറ് മീറ്റർ ദൂരം വരെ നടന്ന് നീങ്ങുന്ന ഭക്തർക്ക് ശബരീശനെ ഏറെനേരം ദർശിക്കാനാകും. ബലിക്കൽപുര ഭാഗം കഴിഞ്ഞ് 2.4 മീറ്റർ വീതിയുള്ള വാതിൽ കടന്ന് ഇടത് വശത്തും വലതു വശത്തുമായി രണ്ട് വരിയായി മുന്നോട്ട് പോകാം.
ഈ രണ്ട് വരികൾക്കുമിടയിലായി നീളത്തിൽ കാണിക്കവഞ്ചി സ്ഥാപിച്ചിട്ടുണ്ട്. വടക്കേ നടയിൽ വരുന്നവരെ രണ്ടാം വരിയിലൂടെയാണ് ദർശനത്തിന് കടത്തിവിടുന്നത്. മാസ പൂജ ദർശന സമയവും ദീർഘിപ്പിച്ചു. രാവിലെ അഞ്ചിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിനടയ്ക്കും. വൈകിട്ട് 4ന് വീണ്ടും നടതുറന്ന് രാത്രി 10 ന് ആയിരിക്കും ഹരിവരാസനം പാടി നടയടയ്ക്കുക.