ഗൂഢമായ വനസ്ഥലിക്ക് നടുവിലെ നാഗക്ഷേത്രം; രാജരാജേശ്വരൻ കയ്യിലണിഞ്ഞ ദിവ്യ സർപ്പം വിരാജിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ കാവ്
കണ്ണൂരിലെ ഏറ്റവും വലിയ കാവേതെന്ന ചോദ്യത്തിന് നിസ്സംശയം ഉത്തരം പറയാം അത് കയ്യത്ത് നാഗക്ഷേത്രം ആണെന്ന് .
പുടയൂർ ജയനാരായണൻ
കാല്‍ചിലമ്പിന്റെയും തോറ്റംപാട്ടിന്റെയും അലയൊലികളാല്‍ മുഖരിതമാകുന്ന കാവുകൾ വടക്കേ മലബാറുകാരുടെ സ്പന്ദനം തന്നെയാണ് . പട്ടുചുറ്റി തിരുവായുധങ്ങളുമായി ഉറഞ്ഞുതുള്ളുന്ന വിവിധ തെയ്യങ്ങളുടെ പ്രതി പുരുഷന്മാരും അവരുടെ അനുഗ്രഹം തേടാൻ കാത്തുനിൽക്കുന്ന ഭക്തരും പച്ചപ്പിനാൽ ചുറ്റപ്പെട്ട അന്തരീക്ഷവും മലബാര്‍ സംസ്‌കൃതിയെ കേരളത്തില്‍ തലയുയര്‍ത്തി നിർത്തുന്നു.
പ്രകൃതിയുടെ വരദാനങ്ങളാണ് ഓരോ കാവുകളും . പ്രകൃതിയോടിണങ്ങുന്ന ആത്മീയതയുടെ അനുഭവമാണിവിടെ കാണാൻ സാധിക്കുക .കേരളത്തിലെ ഏറ്റവും വലിയ കാവ് ഏതെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങൾ പറയാനുണ്ടാവും. എന്നാൽ കണ്ണൂരിലെ ഏറ്റവും വലിയ കാവേതെന്ന ചോദ്യത്തിന് നിസ്സംശയം ഉത്തരം പറയാം അത് കയ്യത്ത് നാഗക്ഷേത്രം ആണെന്ന് .
ഇരുപത് ഏക്കറിലധികം വിസ്തൃതീയിൽ നീണ്ടു കിടക്കുന്നതാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളിൽ ഒന്നായ കയ്യത്ത് നാഗക്ഷേത്രം . കണ്ണൂർ ജില്ലയിലെ ഏറ്റവും വിസ്തൃതമായ കാവ് ആണിത് . കാലം മാറുമ്പോഴും ഗ്രാമീണ കാഴ്ചകൾ അതേ പടി നിലനിർത്തുകയാണിവിടെ .
ദക്ഷിണ ഭാരതത്തിലെതന്നെ പ്രധാനപ്പെട്ട ശിവക്ഷേങ്ങളിലൊന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് ആറ് കിലോമീറ്ററോളം തെക്ക് പടിഞ്ഞാറ് മാറി വെള്ളിക്കീൽ എന്ന സ്ഥലത്താണ് കയ്യത്ത് നാഗക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വള്ളിക്കെട്ടുകളും കൂറ്റൻ വൃക്ഷങ്ങളും നിറഞ്ഞ ഗൂഢമായ ഒരു വനസ്ഥലിക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ക്ഷേത്രത്തിനകത്ത് നാഗരാജാവും, കുഴിനാഗവും , വനത്തിന് നടുവിൽ പഠിക്കുന്നിലപ്പനുമാണ് പ്രതിഷ്ഠ .
സാക്ഷാൽ രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി അണിഞ്ഞിരുന്ന ദിവ്യ സർപ്പം തന്നെയാണത്രേ കയ്യത്ത് സ്വയം നാഗ സാന്നിധ്യമായി വിരാജിക്കുന്നത്. ശ്രീ രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി ധരിച്ച സർപ്പങ്ങളിൽ നിന്നും ഒന്ന് ഇവിടെ ഊർന്ന് വീണതെന്നും അത് ഇവിടുത്തെ സ്വയംഭു സർപ്പ സാന്നിദ്ധ്യമായി പരിണമിച്ചു എന്നുമാണ് ഐതിഹ്യം. അതി വിശിഷ്ടങ്ങളായ സർപ്പാരാധന കേന്ദ്രമായി കയ്യത്ത് നാഗം പരിണമിച്ചതും അത് കൊണ്ട് തന്നെയാണ്.
പുരാതന കാലത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് നിത്യ നിവേദ്യത്തിനുള്ള അരി എത്തിച്ചിരുന്നത് കയ്യത്ത് നിന്നായിരുന്നു. ആ സ്മരണയില് ഇന്നും എല്ലാ സംക്രമ നാളിലും കയ്യത്തു നിന്ന് പരമ്പരാഗതമായ രീതിയിൽ തലച്ചുമടായി തളിപ്പറമ്പിലേക്ക് അരി എഴുന്നള്ളിച്ചു കൊണ്ടുവരുന്നത് പതിവാണ്.
എല്ലാ ആയില്യം നാളിലും നടക്കുന്ന സർപ്പബലി ഏറെ വിശേഷ വഴിപാടാണ്. ധനുമാസത്തിലെ ആയില്യം നാളാണ് കയ്യത്ത് നാഗത്തിൽ ഏറ്റവും വിശേഷപ്പെട്ട ദിനമായി കണക്കാക്കുന്നത്. ആയിരക്കണക്കിന് ഭക്തർ അന്നേ ദിവസം ഭക്തർ നാഗാരാധനയ്ക്കായി ഇവിടെ എത്തിച്ചേരും. വ്യാഴാഴ്ചയാണ് ഈ വർഷത്തെ ധനുമാസ നാഗം ആയില്യം ആഘോഷിക്കുന്നത് .