'നേരത്തേ കാലത്തേ വരണേ കാമാ' ; വടക്കിന്‍റെ വസന്തോത്സവം, ഇനി മലബാറിന് പൂരക്കാലം


അക്ഷരാര്‍ത്ഥത്തില്‍ പെണ്‍കുട്ടികളുടെ ആഘോഷമാണ് പൂരോൽസവം. ശിവനും കാമദേവനുമായി കോര്‍ത്തിണക്കിയ മിത്താണ് പൂരോത്സവത്തിന്‍റെ അടിസ്ഥാനം. ഉത്തരകേരളത്തില്‍ പൂരോത്സവം ആഘോഷിക്കുന്നതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.
ഉത്തര മലബാറിലെ പ്രസിദ്ധമായ ആഘോഷമാണ് പൂരം .കേരളത്തിന്റെ രണ്ടാമത്തെ വസന്തോത്സവമായാണ് പൂരക്കാലം അറിയപ്പെടുന്നത് . മീന മാസത്തിൽ കാർത്തിക മുതൽ പൂരം വരെ ഒൻപത് നാളുകളിലാണ് പുരോത്സവം ആഘോഷിക്കുന്നത് .കാവും കരയും അണിഞ്ഞൊരുങ്ങുന്ന പൂവമ്പന്റെ പൂക്കാലമാണിത്.
അക്ഷരാര്‍ത്ഥത്തില്‍ പെണ്‍കുട്ടികളുടെ ആഘോഷമാണ് പൂരോൽസവം. ശിവനും കാമദേവനുമായി കോര്‍ത്തിണക്കിയ മിത്താണ് പൂരോത്സവത്തിന്‍റെ അടിസ്ഥാനം. ഉത്തരകേരളത്തില്‍ പൂരോത്സവം ആഘോഷിക്കുന്നതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. സതീദേവിയുടെ മരണത്തില്‍ ദു:ഖിതനായ ശിവന്‍ കഠിനതപസ്സിനു പോയി. അതോടെ ദേവലോകത്തിന്റെ ഐശ്വര്യം ഒന്നാകെ പോയതായി ദേവന്‍മാര്‍ക്കു തോന്നി.
അങ്ങനെ ശിവനെ തിരികെ കൊണ്ടുവരുവാനും ദു:ഖം മാറ്റുവാനുമായി കാമദേവന്‍ നിയോഗിക്കപ്പെട്ടു. തന്റെ ചില വിദ്യകളിലൂടെ ശിവന്റെ തപസ്സ് ഇളക്കുവാന്‍ കാമദേവനായി. എന്നാല്‍ തന്റെ തപസ്സ് മുടക്കിയ കാമദേവനോട് ശിവന് കലശലായ കോപമാണ് ഉണ്ടായത്. കോപത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ തൃക്കണ്ണ് തുറന്ന ശിവന്റെ മുന്നില്‍പെട്ട കാമദേവനു ഭസ്മമായി തീരുവാനായിരുന്നു വിധി.

കാമദേവന്‍ ഇല്ലാതായതോടെ ഭൂമിയില്‍ നിന്നും പോയത് പ്രണയം കൂടിയായിരുന്നു. തീര്‍ത്തും വിരസമായ ജീവിതമായിരുന്നു പിന്നീടുണ്ടായിരുന്നതതത്രെ. അങ്ങനെ ദേവന്മാര്‍ എല്ലാവരും കൂടി വിഷ്ണുവിനെ കണ്ട് കാര്യം പറയുകയും കാമദേവന്‍ തിരിത്തുവരേണ്ട കാര്യം സൂചിപ്പിക്കുകയും ചെയ്തു. അങ്ങനെ കാമദേവന്‍ തിരിച്ചുവരാനായി ഒരു പരിഹാരം നിര്‍ദ്ദേശിക്കുകയുണ്ടായി.
ലോകത്ത് പ്രണയം തിരിച്ചുവരുവാനും കാമദേവന്‍ പുനര്‍ജനിക്കിവാനമായി വിഷ്ണു ദേവന്‍മാര്‍ക്ക് ഒരു വഴി പറഞ്ഞുകൊടുത്തു. വസന്തകാലത്ത് കന്യകയയാ പെണ്‍കുട്ടികള്‍ കാമദേവന്റെ പ്രതിമ നിര്‍മ്മിച്ച് അതില്‍ പുഷ്പം അര്‍പ്പിച്ച് വിഷ്ണു സങ്കീര്‍ത്തനം ആലപിച്ചാല്‍ കാമദേവന്‍ പുനര്‍ജനിക്കുമെന്നും ഭൂമിയില്‍ നഷ്ടപ്പെട്ട പ്രണയം തിരികെ എത്തുമെന്നുമായിരുന്നു അത്. അതിനുശേഷം ദേവകന്യകമാര്‍ നടത്തിയ വിശിഷ്ടമായ ആരാധനയുടെ ഫലമായാണ് കാമദേവന്‍ പുനര്‍ജനിച്ചതും ഭൂമിയില്‍ പ്രണയം തിരികെ വന്നതും എന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മയിലാണ് ഉത്ര മലബാറില്‍ പൂരോത്സവം ആഘോഷിക്കുന്നത്.
പൂരോത്സവത്തിന്റെ പ്രധാന ചടങ്ങ് കാമദേവനെ ആരാധിക്കലാണ്. ഋതുമതികളാകാത്ത പെൺകുട്ടികൾ വ്രതം നോറ്റ് ഈ ദിവസങ്ങളിൽ ചാണകം കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കും. ചിലയിടങ്ങളിൽ മണ്ണുകൊണ്ടും ചിലയിടങ്ങളിൽ പൂ മാത്രവും ഉപയോഗിച്ചാണ് കാമനെ ഉണ്ടാക്കുന്നത്. ചടങ്ങുകളില്‍ ആദ്യത്തേത് പൂരം നോമ്പാണ്. തറവാട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നും പൂക്കള്‍ വാങ്ങി കാമദേവനു നേദിക്കുന്ന ചടങ്ങാണിത്.
തുടര്‍ന്നുള്ള ഒമ്പത് ദിവസങ്ങളിലും ഈ ചടങ്ങ് നീളും. പൂജാമുറിക്കു പുറമെ കിണര്‍, കുളം എന്നിവയ്ക്ക് സമീപവും പൂവിടും. കാമദേവന്റെ പുനർജനനത്തിനു വേണ്ടിയുളള സങ്കല്പമാണ് പൂവിന് വെളളം കൊടുക്കൽ. കാമനെ ഉണ്ടാക്കുകയും പൂവിടുകയും പൂവിന് വെളളം കൊടുക്കുകയും ചെയ്യുന്ന വ്രതമെടുത്ത കൊച്ചുകുട്ടികളെ പൂരക്കുട്ടികളെന്നാണ് വിളിക്കുക.
പൂരാഘോഷം നടക്കുന്ന കാവുകളില്‍ പൂരത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ പൂത്തുലഞ്ഞങ്ങനെ നില്‍ക്കും. പെണ്‍കുട്ടികള്‍ വീടുകളിലും ആചാരസ്ഥാനികന്‍മാര്‍ ക്ഷേത്രങ്ങളിലും പൂവിടും. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. പച്ച നിറത്തിലുള്ള അപൂര്‍വ്വം പൂക്കളിലൊന്നാണ് ജഡപ്പൂവ് എന്ന പൂരപ്പൂക്കള്‍, ചെമ്പകപ്പൂ, മുരിക്കിൻപൂ, നരയൻ പൂ, എരിഞ്ഞി പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിക്കുക.
ആദ്യ മൂന്ന് നാളുകളില്‍ അത്തപ്പൂക്കള്‍ പോലെ വട്ടത്തില്‍ പൂരപ്പൂക്കള്‍ ഇടുന്നു. പിന്നീടുള്ള ദിവസത്തില്‍ പൂക്കള്‍ കൊണ്ട് കാമദേവന്റെ രൂപം നിര്‍മ്മിക്കുന്നു. മീനം ആദ്യവാരത്തിലാണ് പൂരമെങ്കില്‍ ചെറിയ കാമരൂപവും, മധ്യവാരത്തിലാണ് പൂരമെങ്കില്‍ യുവാവിന്റെ രൂപവും മാസാവസാനമാണ് പൂരമെങ്കില്‍ വൃദ്ധരൂപവുമാണ് തീര്‍ക്കുക. പലപ്പോഴും മീനമാസത്തില്‍ തന്നെയാവും പൂരോത്സവം നടക്കുക. പക്ഷേ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കുംഭമാസത്തിലും പൂരമെത്തും.
ഉത്തരമലബാറിലെ മിക്കവാറും ക്ഷേത്രങ്ങളിൽ പൂരം ആഘോഷിക്കും. മാടായിക്കാവിലെ പൂരാഘോഷവും, പൂരം കുളിയും വളരെ പ്രശസ്ത്മാണ്. പൂരോത്സവം പെൺകുട്ടികളുടെ ആഘോഷമാണെങ്കിൽ, പൂരക്കളി യുവാക്കളുടെതാണ്. പണ്ടുകാലത്ത് പെണ്‍കുട്ടികളാണ് പൂരക്കളി കളിച്ചിരുന്നതെന്നാണ് വിശ്വാസം.