ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊട്ടിയൂരിൽ രേവതി ആരാധന നടന്നു

kottiyoor

വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഞായറാഴ്ച നടന്നു. പതിനായിരങ്ങളാണ് പെരുമാളിനെ തൊഴാനായി ഞായറാഴ്ച കൊട്ടിയൂരിലെത്തിയത്. ഭക്തജന തിരക്കിൽ പലർക്കും ദർശനം കിട്ടിയത് മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ്. പുലർച്ചെ മൂന്നുമണിയോടെ തന്നെ തിരുവഞ്ചിറയും പരിസരങ്ങളും ഭക്തരെ കൊണ്ട് നിറഞ്ഞു. 

കിഴക്കേ നടയിലെ ദർശനത്തിനുള്ള ക്യൂ മന്ദഞ്ചേരി പാലം വരെയും പടിഞ്ഞാറേ നടയിലെത് ഇടബാവലി പാലം വരെയും നീണ്ടു. കത്തുന്ന വെയിലിനെ പോലും അവഗണിച്ചാണ് ഭക്തർ ദർശനത്തിനായി കാത്തുനിന്നത്. ഏറെ പ്രയാസ്സപ്പെട്ടാണ് ദേവസ്വം വോളണ്ടിയർമാരും പോലീസും തിരക്ക് നിയന്ത്രിച്ചത്. വൈകുന്നേരത്തോടെയാണ് തിരക്കിന് നേരിയ ശമനം ഉണ്ടായത്. 

kottiyoor

രേവതി ആരാധനയോടനുബന്ധിച്ച് പൊന്നിൻ ശീവേലി, ആരാധനാസദ്യ എന്നീ ചടങ്ങുകൾ നടത്തി. സന്ധ്യാ പൂജക്കൊപ്പമാണ് രേവതിനാൾ ആരാധന പൂജ നടത്തിയത്. വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്നും എഴുന്നള്ളിച്ച് സമർപ്പിക്കുന്ന പഞ്ചാഗവ്യം ആരാധന പൂജക്കൊപ്പം സ്വയംഭൂവിഗ്രഹത്തിൽ അഭിഷേകം ചെയ്തു. 

എല്ലാ ആരാധനാ നാളുകളിലും പാലമൃത് എന്നറിയപ്പെടുന്ന പഞ്ചഗവ്യം അഭിഷേകം നടത്തും. കുറ്റിയിൽ നിറച്ച് വാട്ടിയ വാഴയില കൊണ്ട് മുഖം കെട്ടിയാണ് ബാബുരാളൻ എന്ന് വിളിക്കുന്ന സ്ഥാനികൻ പഞ്ചഗവ്യം എഴുന്നള്ളിക്കുന്നത്. കാൽനടയായി എത്തിക്കുന്ന പഞ്ചഗവ്യം ബാവലിക്കരയിൽ പ്രത്യേക സ്ഥാനത്ത് സൂക്ഷിച്ച് സന്ധ്യാ പൂജക്ക് തൊട്ടുമുമ്പ് മണിത്തറയിൽ സമർപ്പിക്കുകയും ചെയ്യുന്നു. 

ശീവേലിക്ക് ശേഷമായിരുന്നു കോവിലകം കൈയാലയിൽ ആരാധന സദ്യ നടന്നത്. വൈശാഖ മഹോത്സവത്തിലെ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന ജൂൺ ആറിന് നടക്കും.തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. തിരുവാതിര ചതുശ്ശതം എട്ടിന് നടക്കും.

Tags