അലങ്കാരപ്രിയനായ കണ്ണന് ചാർത്തുന്ന പൂ മാലകളും അവയുടെ പ്രത്യേകതകളും അറിയാമോ ?
തെക്കേ ഇന്ത്യയിൽ, പ്രധാനമായും കേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ മഹാവിഷ്ണുവിന്റെ ഒരു രൂപഭേദമാണ് ഗുരുവായൂരപ്പൻ. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്.'പാതാളാഞ്ജനം' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹമാണ് ഗുരുവായൂരപ്പന്റേത്. ഏകദേശം നാലടി ഉയരം ഉണ്ട് വിഗ്രഹത്തിന്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും പിടിച്ചിരിയ്ക്കുന്നു
ഗുരുവായൂരപ്പന് ചാർത്താൻ വൈവിധ്യമാർന്ന മാലകളാണ് ക്ഷേത്രത്തിൽ എല്ലാ ദിവസവും ഒരുങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമെല്ലാം പുതിയ പുഷ്പഹാരങ്ങൾ ചാർത്തി കണ്ണനെ അലങ്കരിക്കാറുണ്ട് . തെച്ചി, തുളസി, താമര, നന്ത്യാർവട്ടം എന്നിവയാണ് കണ്ണന് ചാർത്താനുള്ള മാലകളിൽ ഉപയോഗിക്കുന്ന പുഷ്പങ്ങൾ. രൂക്ഷ ഗന്ധമുള്ളതും കടുംനിറമുളളതുമായ പൂക്കൾ നാലമ്പലത്തിൽ പോലും ഉപയോഗിക്കുന്ന പതിവില്ല. കണ്ണന് ചാർത്താനുള്ള മാലകൾ കഴകക്കാർ തന്നെ കെട്ടി നൽകും. ഭക്തർ കൊണ്ടു വരുന്ന മാലകൾ വിഗ്രഹത്തിൽ ചാർത്താറില്ല. എന്നാൽ മാല കെട്ടാനുള്ള പൂക്കൾ സ്വീകരിക്കും. മാല കെട്ടുന്നതിന് പൂക്കൾ കോർക്കാൻ നാര് ആയിട്ട് ഉപയോഗിക്കുന്നത് വഴുതയും ദർഭ പുല്ലുമാണ്.
കണ്ണന് ചാർത്തുന്ന മാലകൾക്കുമുണ്ട് പ്രത്യേകതകൾ. തെച്ചിയും തുളസിയും താമരയും ഇടവിട്ട് കെട്ടി തയാറാക്കുന്ന വനമാലയാണ് കണ്ണന് ഏറെ പ്രിയമെന്നാണ് വിശ്വാസം. ഗുരുവായൂരപ്പന് കേശാദിപാദം ചാർത്തുന്ന മാലയാണ് ഉണ്ടമാല. തുളസി മാത്രവും തെച്ചി മാത്രവും ഉപയോഗിച്ചും ഇടകലർത്തിയും ഉണ്ടമാല കെട്ടാറുണ്ട്.
ഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിന് തങ്കത്തിടമ്പിന് ചാർത്തുന്ന ചെറിയ മാലയാണ് തിടമ്പുമാല. തെച്ചി, നന്ത്യാർവട്ടം എന്നിവയാണ് തിടമ്പുമാലയിൽ കൂടുതലായി ഉപയോഗിക്കുന്നത്. നാലമ്പലം അലങ്കരിക്കുന്നതിന് ഉപയോഗിക്കുന്ന തുളസി കൊണ്ടുള്ള പിരിമാലയാണ് നിറമാല.
കണ്ണന്റെ കിരീടത്തിന് മുകളിൽ ചാർത്തുന്ന ചെറിയ മാലയാണ് തിരുമുടി മാല. ഉണ്ടമാലയും തിരുമുടിമാലയും ഭക്തർ വഴിപാടായി നൽകാറുള്ളതാണ്.
ഗുരുവായൂരിൽ ദിവസവും ഒട്ടേറെ വിവാഹങ്ങൾ നടക്കാറുണ്ട്. വിവാഹത്തിന് വധൂവരന്മാർക്ക് കഴുത്തിലണിയാൻ തയാറാക്കുന്ന മാലയാണ് കല്യാണ മാല. തുളസിയും താമരയും ഉപയോഗിച്ചാണ് കല്യാണമാല തയാറാക്കുക.ഗുരുവായൂരിൽ പൂജയ്ക്കായി എത്തിക്കുന്ന പുതിയ വാഹനങ്ങളിൽ ചാർത്താനുള്ള മാലയും ക്ഷേത്രത്തിൽ നിന്ന് ലഭിക്കും.
രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭഗവാന്റെ വിഗ്രഹത്തിൽ പുതിയ മാലകൾ ചാർത്തും. ഓരോ അഭിഷേകം കഴിയുമ്പോഴും പുതിയ മാലകൾ ചാർത്തും. രാത്രി ചാർത്തുന്ന മാലയണിഞ്ഞ വിഗ്രഹമാണ് പിറ്റേന്ന് പുലർച്ചെ നിർമാല്യ സമയത്ത് ഭക്തർ ദർശിക്കുന്നത്. നിർമാല്യ സമയത്ത് ഈ മാലകൾ അഴിച്ചു മാറ്റി വാകച്ചാർത്തും അഭിഷേകവും കഴിഞ്ഞാണ് പുതിയ മാലകൾ ചാർത്തുക.