പ്രപഞ്ചനാഥയായ ആദിശക്തിയെ ആരാധിക്കുന്ന ദിവസങ്ങൾ;നവരാത്രി മഹോത്സവത്തിന് നാളെ തുടക്കം

Navratri festival
Navratri festival

വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമായ  നവരാത്രി ഉത്സവത്തിന് നാളെ  തുടക്കമാകും .. ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം ഓരോ നാടുകളിലും ആഘോഷിക്കുന്നു .സ്ത്രീ ശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊർവരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളിൽ പ്രപഞ്ചനാഥയായ ആദിശക്തിയെ ആരാധിക്കുന്ന ദിവസങ്ങൾ എന്ന നിലയിൽ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്.


വെളുത്ത പക്ഷത്തിലെ അമാവാസി മുതൽ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. ആദ്യത്തെ മൂന്ന് ദിവസം പരാശക്തിയെ പാർവതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാന മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തിൽ സരസ്വതി ഭാവത്തെയാണ് കൂടുതലായും ആരാധിക്കുന്നത്.അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം


പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തിൽ സരസ്വതി പൂജ അഥവാ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ

നവരാത്രിയിൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് ആഗ്രഹപൂർത്തിയും ദുഃഖമോചനവും കാര്യവിജയവും ഫലം എന്ന് വിശ്വാസം. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്ന് ദുർഗാദേവിയായി രൂപം പൂണ്ട് ഒൻപത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജ്ജിച്ചുവെന്നതാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം. ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനത്തെ ദിവസമാണെന്നും ഐതിഹ്യമുണ്ട്. 

വിദ്യാദേവതയുടെ അനുഗ്രഹത്തിനായി ദുർഗാഷ്ടമി ദിവസം പുസ്തകങ്ങളും ആയുധങ്ങളും പൂജയ്‌ക്ക് വയ്‌ക്കുന്നു. മഹാവനമി ദിവസം പ്രാർത്ഥനയോടെ കഴിഞ്ഞ ശേഷം വിജയദശമി ദിവസമാണ് പൂജയെടുപ്പും വിദ്യാരംഭവും നടത്തുന്നത്.ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകൾക്കും തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമായാണ് വിജയദശമി ദിവസത്തെ കാണുന്നത്

യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരൻ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞർ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തിൽ സമർപ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ പ്രാർഥനാപൂർവം തിരികെ എടുക്കുന്നു.വിദ്യാർത്ഥികൾക്ക് പുറമെ മുതിർന്നവരും ദേവിയുടെ അനുഗ്രഹത്തിനായി ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന വ്രതം അനുഷ്ഠിക്കാറുണ്ട്. 7, 5, 3, 1 എന്നീ ക്രമത്തിലും വ്രതം അനുഷ്ഠിക്കാം.ഒക്ടോബർ 12  നാണ്  മഹാനവമി. 13  വിജയ ദശമി ഒക്ടോബർ 13 നും .
 

Tags