നെയ് വിളക്കിനെ പടിക്കു പുറത്താക്കി ക്ഷേത്രാധികാരികൾ ; ഭക്തരിൽ പ്രതിഷേധം പുകയുന്നു

google news
The temple authorities kicked out the lamp

തളിപ്പറമ്പ: ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകളിലൊന്നായ നെയ് വിളക്ക്  ക്ഷേത്രത്തിനകത്ത് നിന്നും പുറത്തായി. മുൻ കാലങ്ങളിൽ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ ഗര്‍ഭഗൃഹങ്ങളിലാണ് ഭക്തർ ഈ വഴിപാട് സമർപ്പിച്ചിരുന്നത്. പിന്നീട് നാലമ്പലത്തിനകത്ത് പ്രത്യേക സ്ഥലത്ത് ഇടം പിടിച്ച നെയ് വിളക്ക് ഇപ്പോൾ ക്ഷേത്രങ്ങളുടെ പടിക്ക് പുറത്തായതായിട്ടാണ് ഭക്തരുടെ ആക്ഷേപം. 

ഭക്തര്‍ നിറഞ്ഞ മനസോടെ ദൈവത്തിന് സമര്‍പ്പിക്കുന്ന നെയ് വിളക്ക് വഴിപാടുകള്‍ ആദ്യകാലങ്ങളില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ഗര്‍ഭഗൃഹങ്ങള്‍ക്കുള്ളിലായിരുന്നു സമര്‍പ്പിച്ചിരുന്നത്. നെയ്യ് ഒഴിച്ച് തിരിയിട്ട് ഭക്തര്‍ തൃപ്പടിമേല്‍ കത്തിച്ചുവെക്കുന്ന വിളക്ക് പൂജാരി എടുത്ത് വിഗ്രഹത്തിന് മുന്നില്‍ വെക്കുന്നത് ആത്മനിര്‍വൃതിയോടെയാണ് ഭക്തര്‍ കണ്ടിരുന്നത്. എന്നാല്‍ പിന്നീട് നമസ്കാര മണ്ഡപത്തിന് അടുത്തേക്ക് മാറ്റുകയായിരുന്നു. വളരെ വിശേഷപ്പെട്ട വഴിപാടുകളിലൊന്നാണ് നെയ് വിളക്ക് കത്തിക്കല്‍. പ്രത്യേക കാര്യസാധ്യങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ചാണ്  ഇത്  ചെയ്യാറുള്ളത്.

trichambaram temple
തൃച്ചംബരം ക്ഷേത്രം

വിവാഹം, ജോലി, തുടങ്ങിയ പ്രത്യേക കാര്യസാധ്യങ്ങള്‍ക്കായി നെയ്യ് നിറയെ ഒഴിച്ച് തിരി തെളിയിക്കേണ്ടതാണ്. ഇത് 12, 21, 41 ദിവസങ്ങളില്‍ തുടർച്ചയായി വേണം ചെയ്യേണ്ടത്. അതായത് 12 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 21 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 41 ദിവസം അടുപ്പിച്ച് വേണം ഇത് ചെയ്യുന്നത്. അത്രയും ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് കാര്യസാധ്യം സംഭവിക്കുമെന്നാണ് വിശ്വാസം. പക്ഷെ, ഇപ്പോള്‍ ഇത് എല്ലാ അര്‍ത്ഥത്തിലും വഴിപാട് മാത്രമായി മാറി. ഭക്തരുടെ പണം പിടുങ്ങുക എന്നതിലപ്പുറം ഇതില്‍ ഒന്നുമില്ലെന്ന വിമര്‍ശനം ശക്തമാവുകയാണ്. 

trichambaram kshetram
തൃച്ചംബരം ക്ഷേത്രം

തൃച്ചംബരം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നെയ് വിളക്കിന്റെ സ്ഥാനം ഇപ്പോള്‍ ക്ഷേത്രപരിചാരകര്‍ക്ക് തോന്നുന്നത് പോലെയാണ്. ഇതിന് കാരണമായി അവര്‍ പറയുന്നത് ഗര്‍ഭഗൃഹങ്ങളില്‍ കൂടുതല്‍ നെയ് വിളക്ക് വഴിപാട് സമയങ്ങളില്‍ കടുത്ത ചൂടും പുകയും ഉണ്ടാകുന്നുവെന്നും ഇത് വിഗ്രഹത്തിനും പൂജാരിമാര്‍ക്കും അസഹ്യത സൃഷ്ടിക്കുന്നുവെന്നുമാണ്. 

ദേവപ്രശ്‌നങ്ങളില്‍ ഇക്കാര്യം ഉന്നയിച്ച് ദേവഹിതം തേടി ചാര്‍ത്ത് വാങ്ങിയാണ് തളിപ്പറമ്പിലും തൃച്ചംബരത്തും മറ്റ് ക്ഷേത്രങ്ങളിലും ഇപ്പോള്‍ ക്ഷേത്രത്തിന് പുറത്ത് നെയ് വിളക്ക് സമര്‍പ്പിക്കുന്നത്. ഇത് ക്ഷേത്രത്തിനകത്ത് ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റി വഴിപാടിന്റെ പവിത്രത നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

തൃച്ചംബരം ക്ഷേത്രത്തിൽ  സ്ഥിരമായി എത്തുന്ന ഭക്തർ  നമസ്കാര മണ്ഡപത്തിന് അടുത്ത്‌ നെയ് വിളക്കു വെച്ചു പ്രാർത്ഥിക്കുന്നത്. എന്നാൽ ആദ്യമായി ക്ഷേത്രത്തിൽ എത്തുന്നവർ പുറത്തു തന്നെ വിളക്ക് വച്ചിട്ടാണ് അകത്തു കടക്കുന്നത്.  അകത്തു കടന്നതിനു ശേഷം നെയ് വിളക്കു  അകത്തു കത്തിച്ചു വെച്ചത്  കാണുന്നതോടെ പ്രതിക്ഷേധം അറിയിക്കുന്നുണ്ട്

വഴിപാട് പോലെ എന്നൊരു പ്രയോഗമുണ്ട്... അലസതയോടെ, അല്ലെങ്കിൽ അശ്രദ്ധയോടെ, ചെയ്തു എന്നു വരുത്തി തീർക്കുമ്പോഴാണ് ഈ പ്രയോഗം വാക്കുകളിൽ ഉപയോഗിക്കാറ്. ക്ഷേത്രങ്ങളിലെ ഒരു പ്രധാന വഴിപാട് ഇപ്പോൾ വെറും വഴിപാടായി മാറിയെന്നാണ് ആക്ഷേപമുയരുന്നത്.

taliparamba rajarajeswara temple
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

Tags