ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടി; യുവതി പിടിയിൽ
മലപ്പുറം: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവിൽ പിടിയിലായത്.
കോഴിക്കോട് സ്വദേശിയിൽ നിന്ന് 5,06,75,000 രൂപയാണ് ദമ്പതികൾ തട്ടിയെടുത്തത്. 2023 ഓക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ഓൺലൈൻ ട്രേഡിങ്ങിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത്, ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും പരാതിക്കാരനെ സമീപിച്ചു. തവണകളായി പണം കൈക്കലാക്കി. ഇതിനിടയിൽ ഒന്നരക്കോടിയിൽ അധികം രൂപ തിരികെ നൽകി. ബാക്കി തുകയോ, ലാഭ വിഹിതമോ തിരിച്ചു കൊടുത്തില്ല. പിന്നാലെയാണ് പൊലീസിൽ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതികൾ വിദേശത്തേക്ക് മുങ്ങി.
സുമയ്യ, ഫൈസൽ ബാബു എന്നിവർക്കായി പൊലീസ് ലുക്കൌട്ട് സർക്കുലർ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം സുമയ്യ ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്തു, കോഴിക്കോട്ടെത്തിച്ചു. കേസിലെ മറ്റൊരു പ്രതി ഫൈസൽ ബാബു ഇപ്പോഴും വിദേശത്താണ്. ഇയാളെ തിരികെ എത്തിക്കാൻ ശ്രമം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.