ഒറ്റ നമ്പർ ലോട്ടറി കേസിൽ വ്യാപക റെയ്ഡ്
കോഴിക്കോട്: ഒറ്റ നമ്പർ ലോട്ടറി കേസുമായി ബന്ധപ്പെട്ട നടത്തിയ വ്യാപക പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് ഫറൂഖ് സബ് ഡിവിഷന് കീഴിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റ നമ്പർ ലോട്ടറി നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്. മണ്ണൂർ വളവിൽ നിന്നും പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു, അരക്കിണർ വലിയപറമ്പ് സ്വദേശി നൗഷാദ് വി.പി, തേഞ്ഞിപ്പാലം സ്വദേശി അമൽ പ്രകാശ് എന്നിവരാണ് പിടിയിലായത്
ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, ബേപ്പൂർ, നടുവട്ടം, മാത്തോട്ടം, നല്ലളം,ചക്കും കടവ്, പെരുമണ്ണ, പന്തീരാങ്കാവ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡും, സ്റ്റേഷനിലെ ഐപിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഫറൂഖ് മണ്ണൂർ വളവിൽ നിന്നും, ബേപ്പൂർ നടുവട്ടത്തു നിന്നും, പെരുമണ്ണയിൽ നിന്നുമാണ് ഷാലുവും നൗഷാദും അമലും പൊലീസിന്റെ വലയിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.