പാസ്പോർട്ട് പുതുക്കിയവരുടെ മടക്കയാത്ര നിയന്ത്രണം ഒഴിവാക്കി വിമാനക്കമ്പനികൾ
Passport service

യുഎഇ: നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡന്റ് വിസക്കാർക്ക് യു എ ഇയിലേക്ക് തിരിച്ചുപോകാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന വിമാനക്കമ്പനികൾ ഒഴിവാക്കി. കോവിഡ് കാലത്താണ് ഇത്തരമൊരു നിബന്ധന നിലവിൽ വന്നത്.

യു എ ഇയിൽ താമസവിസയുള്ളവർ നാട്ടിലെത്തി പാസ്പോർട്ട് പുതുക്കുമ്പോൾ അവർ തിരിച്ചു യാത്രചെയ്യുന്നത് പുതിയ പാസ്പോർട്ടിലായിരിക്കും. എന്നാൽ, വിസ പതിച്ചിരിക്കുന്നത് പഴയ പാസ്പോർട്ടിലും. നാട്ടിലെ വിമാനത്താവളത്തിൽ ഈ രണ്ട് പാസ്പോർട്ടും ഒന്നിച്ച് കാണിച്ച് യു എ ഇയിലേക്ക് തിരിച്ചുവരുന്നതിന് നേരത്തേ തടസമുണ്ടായിരുന്നില്ല. പുതിയ പാസ്പോർട്ട് വിവരങ്ങൾ നാട്ടിലെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് തന്നെ യു എ ഇക്ക് കൈമാറി അപ്ഡേറ്റ് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. 

എന്നാൽ, കോവിഡ് കാലത്ത് പുതുക്കിയ പാസ്പോർട്ടുമായി യാത്ര നടത്തുന്നവർ പലപ്പോഴും നാട്ടിലെ വിമാനത്താവളത്തിൽ കുടുങ്ങുന്ന സാഹചര്യം ഉടലെടുത്തു. വിസ പഴയ പാസ്പോർട്ടിൽ പതിച്ചിരിക്കുന്നവർ യു എ ഇയിലെ ഐ സി എയുടേയോ, ജി ഡി ആർ എഫ് എ യുടേയോ മുൻകൂർ അനുമതി നേടിയിരിക്കണം എന്ന് വിമാനകമ്പനികൾ നിബന്ധന വെച്ചു. എന്നാൽ, ഈ നിയന്ത്രണം ആഗസ്റ്റ് രണ്ട് മുതൽ ഒഴിവാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ അറിയിച്ചു.

നാട്ടിലെത്തി പാസ്പോർട്ട് പുതുക്കിയ ശേഷം മടങ്ങുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം. യു എ ഇയിൽ നിന്ന് മുൻകൂർ അനുമതി തേടാതെ തന്നെ അവർക്ക് മടക്കയാത്ര നടത്താം. അതേസമയം, നിലവിൽ നാട്ടിൽ നിന്ന് യു എ ഇയിലേക്ക് വരാനുള്ള മറ്റ് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് പി സി ആർ പരിശോധനയില്ലാതെ യാത്ര ചെയ്യാം. വാക്സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ള പി സി ആർ ഫലവുമായാണ് യു എ ഇയിലേക്ക് യാത്ര നടത്തേണ്ടത്.

Share this story