തൃശ്ശൂരിൽ അശ്ലീല വിഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
crime

മാള: അശ്ലീല വിഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുത്തൻചിറ ശാന്തിനഗർ പിണ്ടിയത്ത് സരിത്തിനെയാണ് (36) റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവർ അറസ്റ്റ് ചെയ്തത്.

എട്ടും ഒമ്പതും വയസ്സായ വിദ്യാർഥികളെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കേസ്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം.

കുട്ടികളെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. സരിത്ത് ഒളിവിലായിരുന്നു. താമസിച്ചിരുന്ന സ്ഥലങ്ങളിൽ പലരുമായി സൗഹൃദം സ്ഥാപിച്ച്‌ അവരിൽനിന്ന് മൊബൈൽ ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് നാട്ടിൽ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം മാത്രം ഉപയോഗിക്കും. ശേഷം അടുത്ത ഒളിസങ്കേതം തേടുകയായിരുന്നു പതിവ്. ചോറ്റാനിക്കര, കോഴിക്കോട്, ഉഡുപ്പി, കൊല്ലൂർ, ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് മുങ്ങിനടന്നിരുന്നത്.

വർഷങ്ങളായി താടിവളർത്തി നടന്നിരുന്ന സരിത്ത് താടി വടിച്ച് മീശ വെട്ടിയൊതുക്കിയിരുന്നു. അന്വേഷണസംഘത്തിന്റെ നിരീക്ഷണപാടവമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. ദിവസങ്ങളായി പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പൊലീസ് നിരീക്ഷണത്തിലായിരുന്നു.

സൈബർ രേഖകളടക്കം ലഭ്യമായ വിവരങ്ങളുമായി കർണാടകയിലെത്തിയ സംഘം കൊല്ലൂരിൽ ലോഡ്ജുകളടക്കം ഇയാൾ ഒളിച്ചുകഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അരിച്ചുപെറുക്കി. ഇതിനിടെ, രാത്രി പ്രതി ആലപ്പുഴ ഭാഗത്തേക്ക് പോകാനൊരുങ്ങുന്നതായി മനസ്സിലാക്കിയ സംഘം മഫ്തിയിൽ പിന്തുടർന്നു. യാത്രക്കിടെ സൗഹൃദം കൂടി തന്ത്രത്തിൽ ഇയാളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തൃശൂരിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നീൽ ഹെക്ടർ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ നാലംഗ സംഘമാണ് രണ്ടുദിവസം മുമ്പ് കർണാടകയിലെ കൊല്ലൂരിലേക്ക് പുറപ്പെട്ടത്.

Share this story