തൃശ്ശൂരിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ ഗോഡൗണ്‍ : രണ്ടുപേര്‍ അറസ്റ്റില്‍
arrest

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ കാളമുറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ ഗോഡൗണ്‍ പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. വലപ്പാട്-കോതകുളം ജലീല്‍, തമിഴ്‌നാട് കടലൂര്‍മണി എന്നിവരെയാണ്  കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്. 

25 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം ഇവരില്‍നിന്ന് പിടികൂടി. റൂറല്‍ ജില്ലാ പോലീസ് മേധാവി  ഐശ്വര്യ ദോംഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു പരിശോധന. ജലീലിന്റെഉടമസ്ഥതയിലുള്ളതാണ് വീട്. 

ജലീല്‍ സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത വില്‍പ്പന നടത്തുന്ന ആളാണ്. കൊടുങ്ങല്ലൂര്‍, മതിലകം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി 10ല്‍ പരം കേസുകള്‍ നിലവിലുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷന്‍ റൗഡിയാണ് പിടിയിലായ ജലീല്‍. 

കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. സുബീഷ് മോന്‍, എസ്.ഐ. കൃഷ്ണപ്രസാദ്, കൊടുങ്ങല്ലൂര്‍ ക്രൈംസ്‌ക്വാഡ് എസ്.ഐ. സുനില്‍, കൈപ്പമംഗലം സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. റഫീഖ്, എ.എസ്.ഐ. സി.ആര്‍. പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന്‍ ആര്‍. കൃഷ്ണ, ബിജു, അഖിലേഷ്, നിഷാന്ത് എന്നിവര്‍ ചേര്‍ന്ന പ്രത്യേക പോലീസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Share this story